ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി ഇടയ്ക്കിടെയെങ്കിലും വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതിനെപ്പറ്റി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗം മേധാവികളാണ് ആലോചിക്കേണ്ടതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇരുവിഭാഗവും പരസ്പരം ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണമെന്നാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് നിര്‍ദ്ദേശിച്ചത്. പള്ളിയിലെ ഓര്‍മപ്പെരുന്നാളിന് 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോടതി നിര്‍ദ്ദേശപ്രകാരം ഈ ആരാധനാലയം തുറന്നു നല്‍കിയിരുന്നു. ഇരുവിഭാഗത്തെയും വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. അഭിഭാഷക കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം.
പള്ളിയുടെ കെട്ടിടത്തിനും ചുറ്റുമതിലിനും അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. വാതില്‍, ജനല്‍, മേല്‍ക്കൂര, ഓട് തുടങ്ങിയവ മാറ്റി വയ്ക്കണമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഒരു സമിതി രൂപവത്കരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു അഭിഭാഷക കമ്മീഷണറാകും സമിതിയുടെ കണ്‍വീനര്‍.
ഇരുവിഭാഗത്തെയും രണ്ടുവീതം പ്രതിനിധികളെയും സമിതിയിലുള്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഇരുപക്ഷത്തിന്‍േറയും നിലപാടറിയാനായി ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഫിബ്രവരി 11ലേക്ക് മാറ്റിയിട്ടുണ്ട്.
ഓര്‍മപ്പെരുന്നാളിന് വന്‍ സുരക്ഷാ സന്നാഹത്തോടെ പള്ളി തുറന്നുനല്‍കാന്‍ കോടതി തന്നെ നിര്‍ദേശിക്കുകയായിരുന്നു. സഭയിലെ ഇരുവിഭാഗവും ഇത്തരമൊരാവശ്യം ഉന്നയിച്ചിരുന്നില്ല.
എണ്ണൂറോളം പോലീസുകാരുള്‍പ്പെടെ വന്‍ പോലീസ് സന്നാഹത്തെയാണ് രണ്ട് ദിവസം പള്ളി തുറന്നു നല്‍കാനായി സര്‍ക്കാര്‍ നിയോഗിച്ചത്. ഇതിന് വന്‍ തുക ചെലവാകുകയും ചെയ്തു. ഓരോ തവണ പള്ളി ആരാധനയ്ക്ക് തുറന്നു നല്‍കാനും ഇത്തരത്തില്‍ രക്ഷാസന്നാഹത്തിന് വന്‍തുക ചെലവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോടതിക്കാവില്ല. അതിനാല്‍ ഇരുവിഭാഗത്തെയും മതമേലധ്യക്ഷന്മാര്‍ പരസ്പരം ചര്‍ച്ചചെയ്ത് പരിഹാരം കാണണമെന്നാണ് കോടതിയുടെ നിര്‍ദേശം.
Be the first to comment on "തൃക്കുന്നത്ത് സെമിനാരി: കോടതി സഭകളുടെ നിലപാട് തേടി"