ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തിനുശേഷം വിശ്വാസികള്‍ പ്രാര്‍ഥന നടത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിഞ്ഞുനിന്ന ആത്മീയാന്തരീക്ഷത്തില്‍ വിശുദ്ധ കുരിശും മെഴുകുതിരികളും ഇല്ലാത്ത അള്‍ത്താരയില്‍ നോക്കി പ്രാര്‍ഥിച്ച വിശ്വാസികളുടെ കണ്ണുകള്‍ വികാര തീവ്രതയാല്‍ ഈറനണിഞ്ഞു.
യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു പതിറ്റാണ്ടു കാലമായി പൂട്ടിയിട്ടിരുന്ന പള്ളി കോടതി വിധിയെതുടര്‍ന്നാണ് രണ്ടു ദിവസത്തേയ്‌ക്ക് ആരാധനയ്‌ക്കായി തുറന്നുകൊടുത്തത്.
വിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് പള്ളി തുറന്നുകൊടുത്തത്. ഓര്‍മപ്പെരുന്നാള്‍ ദിവസങ്ങളില്‍ പതിവായി ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാറുള്ള തൃക്കുന്നത്ത് പള്ളിയില്‍ വന്‍ സുരക്ഷാസന്നാഹമാണ് ശനിയാഴ്‌ച ഒരുക്കിയത്.
രാവിലെ ഏഴു മുതല്‍ പതിനൊന്നുവരെ ഓര്‍ത്തഡോക്‌സ് വിഭാഗവും, ഉച്ചയ്‌ക്ക് ഒന്നുമുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗവും സമാധാനപരമായി ആരാധന നടത്തി. ശനിയാഴ്‌ച രാവിലെ 7ന് പള്ളി തുറന്നപ്പോള്‍ തൃക്കുന്നത്തു സെമിനാരി മാനേജര്‍ ഫാ. യാക്കൂബ് തോമസിന്റെ നേതൃത്വത്തിലുള്ള വൈദീക സംഘമാണ് ആദ്യം പ്രാര്‍ഥന നടത്തിയത്. 11 മണിയോടെ ഒടുവിലായാണ് ഓര്‍ത്തഡോക്‌സ് പക്ഷം ആചാര്യനായ ബസേിലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയും നിയുക്ത ബാവ പൗലോസ് മാര്‍ മിലിത്തിയോസും പള്ളിയിലും കബറിടങ്ങളിലും പ്രാര്‍ഥന നടത്തിയത്.
പത്ത് പേരടങ്ങുന്ന ഓരോ സംഘത്തിനും പത്ത് മിനിറ്റ് വീതമാണ് പള്ളിയിലും കബറിടങ്ങളിലും പ്രാര്‍ഥന നടത്താന്‍ അനുവദിച്ചത്.
ഉച്ചയ്‌ക്ക് ഒരു മണിയോടെ യാക്കോബായ വിഭാഗം വിശ്വാസികളും പള്ളിയിലും കബറിടങ്ങളിലും പ്രാര്‍ഥന നടത്താനെത്തി. അങ്കമാലി അകപ്പറമ്പില്‍ നിന്നെത്തിയ യാക്കോബായ വിഭാഗം കാല്‍നട തീര്‍ഥയാത്രാ സംഘം മൂന്നു മണിയോടെ പള്ളിയിലെത്തിയതോടെ മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ ആദ്യസംഘമായി പള്ളിയിലെത്തി. പിന്നീട് ഇവര്‍ കബറില്‍ ധൂപ്രാര്‍ഥനയും നടത്തി.
വൈകീട്ട് 4.45ഓടെ ശ്രേഷു കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിയിലും കബറിടത്തിലും ആരാധന നടത്തി. ബാവയോടൊപ്പം മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റം, ഏലിയാസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ അപ്രേം തുടങ്ങിയവരും പ്രാര്‍ഥന നടത്തി.
നാല് ഡിവൈ.എസ്.പി.മാരുടെയും 25ഓളം സി.ഐ.മാരുടെയും നേതൃത്വത്തില്‍ എണ്ണൂറോളം പോലീസുകാരെയാണ് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചിരുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളിലൂടെയാണ് വിശ്വാസികളെ പള്ളിക്കകത്തേക്ക് കടത്തിവിട്ടത്. ബോംബ് സ്‌ക്വാഡും, ജലപീരങ്കിയുള്‍പ്പെടുന്ന സംവിധാനങ്ങളും ഉണ്ടായിരുന്നു.
ജില്ലാ കളക്ടര്‍ ഡോ. എം. ബീന, റൂറല്‍ എസ്.പി. ടി. വിക്രം, അഭിഭാഷക കമ്മീഷന്‍ ശ്രീലാല്‍ വാര്യര്‍ എന്നിവര്‍ ചടങ്ങുകള്‍ നിരീക്ഷിക്കാന്‍ പള്ളിയിലുണ്ടായിരുന്നു. ഞായറാഴ്‌ച സമാന രീതിയില്‍ പ്രാര്‍ഥന നടക്കും.
Mathrubhumi -24 Jan 10
Be the first to comment on "തൃക്കുന്നത്ത് പള്ളി തുറന്നു; കനത്ത കാവലില്‍ സമാധാനപരമായി ഇരുവിഭാഗവും പ്രാര്‍ഥന നടത്തി"