തര്‍ക്കത്തിലുള്ള പള്ളികള്‍ തുറക്കാന്‍ വിട്ടുവീഴ്‌ചചെയ്യും – തോമസ്‌ പ്രഥമന്‍ ബാവ

 
ആലുവ: ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമൂലം പൂട്ടിയിട്ടിരിക്കുന്ന പള്ളികള്‍ ആരാധനയ്‌ക്കായി തുറന്നു നല്‍കാന്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണെന്ന്‌ യാക്കോബായ വിഭാഗം ആചാര്യന്‍ ശ്രേഷു കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.

തൃക്കുന്നത്ത്‌ പള്ളി രണ്ട്‌ ദിവസത്തേക്ക്‌ മാത്രം തുറന്നു നല്‍കാനുള്ള കോടതിവിധിയില്‍ സംതൃപ്‌തനല്ല. ഞായറാഴ്‌ചകളിലും മറ്റു പ്രധാന ദിവസങ്ങളിലും പള്ളി തുറന്നുനല്‍കണം. 24 മണിക്കൂറില്‍ രണ്ട്‌ മണിക്കൂര്‍ മാത്രം യാക്കോബായ വിഭാഗത്തിന്‌ അനുവദിച്ചാലും അംഗീകരിക്കുമെന്നും ബാവ ആലുവയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

യാക്കോബായ വിഭാഗത്തിന്‌ പള്ളിയില്‍ കയറാനും കബറിടത്തില്‍ പ്രാര്‍ഥന നടത്താനുമൊക്കെ അനുകൂലസാഹചര്യങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഇടതുപക്ഷ സര്‍ക്കാരിനോട്‌ പ്രത്യേക ആഭിമുഖ്യമില്ല. എല്ലാ രാഷ്ട്രീയകക്ഷികളും സഭയ്‌ക്ക്‌ ഒരുപോലെയാണെന്നും ബാവ പറഞ്ഞു.

പള്ളികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ നടന്ന ചര്‍ച്ചകള്‍ ഗൗരവമാകുമ്പോള്‍ ഇറങ്ങിപ്പോകുന്ന നയമാണ്‌ ഓര്‍ത്തഡോക്‌സ്‌പക്ഷത്തിന്‍േറത്‌. എങ്കിലും പൂട്ടിയിട്ടിരിക്കുന്ന പള്ളികള്‍ തുറന്നു ലഭിക്കാന്‍ മധ്യസ്ഥശ്രമങ്ങളുണ്ടായാല്‍ യാക്കോബായ വിഭാഗം വിട്ടുവീഴ്‌ചാമനോഭാവത്തോടെ സഹകരിക്കുമെന്നും ബാവ അറിയിച്ചു.

Mathrubhumi 25 Jan 2010
 

Be the first to comment on "തര്‍ക്കത്തിലുള്ള പള്ളികള്‍ തുറക്കാന്‍ വിട്ടുവീഴ്‌ചചെയ്യും – തോമസ്‌ പ്രഥമന്‍ ബാവ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.