Program details of His Holiness Patriarch Moran Mor Ignatius Aphrem II's First Apostolic visit to Malankara (India)

HH_visit_Live_mv

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഫെബ്രുവരി 7 മുതല്‍ 18 വരെ ഭാരതം സന്ദര്‍ശിക്കും. ഫെബ്രുവരി 7 ന് രാവിലെ 9 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പരിശുദ്ധ ബാവായെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും സംസ്ഥാന മന്ത്രിമാരും മെത്രാപ്പോലീത്തന്മാരും ചേര്‍ന്ന് സ്വീകരിക്കും. 11 ന് യാക്കോബായ സഭയുടെ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ചേരുന്ന ബാവായെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ അഭിവാദ്യം ചെയ്യും. 3 ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. 5 ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ അദ്ധ്യക്ഷം വഹിക്കും. തുടര്‍ന്ന് തിരുവാങ്കുളം ക്യംതാ സെമിനാരി സന്ദര്‍ശിക്കും.

ഫെബ്രുവരി 8 ന് രാവിലെ 8 ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് അരീപ്പറമ്പ് സെന്റ് മേരീസ്, വെള്ളൂര്‍ സെന്റ് സൈമണ്‍സ്, വെള്ളൂര്‍ സെന്റ് തോമസ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്റ് മേരീസ്, നാലുന്നാക്കല്‍ സെന്റ് ആദായിസ്, പുതുപ്പള്ളി സെന്റ് ജോര്‍ജ് പാട്രിയാര്‍ക്കല്‍ എന്നീ ഇടവകകള്‍ സന്ദര്‍ശിക്കും. 4.30 ന് കോട്ടയം നെഹറു സ്റ്റേഡിയത്തില്‍ സഭാ അടിസ്ഥാനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് സ്വീകരണം നല്‍കും. ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും. ശ്രേഷ്ഠ കാതോലിക്ക ബാവാ അദ്ധ്യക്ഷം വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 1914-1920 കാലഘട്ടങ്ങളില്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ ഭരണകാലത്ത് മൂന്ന് ലക്ഷത്തില്‍പരം സുറിയാനി ക്രിസ്ത്യാനികളായ സഭ മക്കളെ കൂട്ടക്കൊല നടത്തിയതിന്റെ (സൈഫോ) നൂറാം വാര്‍ഷികത്തിന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും അനുസ്മരണവും നടക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ബാവായുടെ ബഹുമാനാര്‍ത്ഥം നടത്തുന്ന വിരുന്നില്‍ പങ്കെടുക്കും.

ഫെബ്രുവരി 9 ന് രാവിലെ 8 ന് റാന്നി, ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയുടെ കൂദാശ നിര്‍വ്വഹിക്കും. തുടര്‍ന്ന് ക്‌നാനായ അതിഭദ്രാസനത്തിലെ വളളംകുളം ബേദ്‌നഹീര്‍ അരമന, നീലംപേരൂര്‍ സെന്റ് ജോര്‍ജ്, കുറിച്ചി സെന്റ് മേരീസ് എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് ക്‌നാനായ അതിഭദ്രാസനാസ്ഥാനമായ ചിങ്ങവനം അഫ്രേം സെമിനാരി സെനിമാരിയില്‍ സ്വീകരണം നല്‍കും.

ഫെബ്രുവരി 10 ന് രാവിലെ 7.30 ന് കോട്ടയം ഭദ്രാസനത്തിലെ കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ് സെന്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന സെന്റ് ജോര്‍ജ് ചാപ്പലിന്റെ കൂദാശ നിര്‍വ്വഹിക്കും. തുടര്‍ന്ന് പേരൂര്‍ മര്‍ത്തശ്മൂനി, പാക്കില്‍ സെന്റ് തോമസ്, പള്ളം സെന്റ് ഇഗ്നാത്തിയോസ്, പാണംപടി സെന്റ് മേരീസ്, കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് എന്നീ ദേവാലയങ്ങളും ഉച്ചയ്ക്ക് ശേഷം മാറാടി സെന്റ് മേരീസ്, റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി, സെന്റ് മേരീസ് കത്തീഡ്രല്‍ കുറുപ്പംപടി എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് 5.30 ന് പെരുമ്പാവൂരില്‍ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ്ക്വാട്ടേഴ്‌സിന്റെയും ബിഷപ്പ് ഹൗസിന്റെയും കൂദാശ നിര്‍വ്വഹിക്കും. തുടര്‍ന്ന് സമാജം നവതി ആഘോഷങ്ങളില്‍ പങ്കെടുക്കും. പിന്നീട് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രല്‍, വെങ്ങോല ബെത്‌സൈദ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

ഫെബരുവരി 11 ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ കൂദാശ നിര്‍വ്വഹിക്കും. തുര്‍ന്ന് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പളളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവായുടെ കബറിടവും കുന്നംകുളം ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ പരിശുദ്ധ സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ കബറിടവും കണ്ണാറ സെന്റ് മേരീസ് പള്ളിയും വൈകിട്ട് 6 ന് പുരാതീനമായ അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രല്‍, ചെറിയവാപ്പലശ്ശേരി മോര്‍ ഇഗ്നാത്തിയോസ്, തുരുത്തപ്ലി സെന്റ് മേരീസ് എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.
ഫെബ്രുവരി 12 ന് രാവിലെ പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരക്കുന്നം സെന്റ് ജോര്‍ജ് വലിയ പള്ളി, യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റായിരുന്ന ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സിംഹാസന പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12 ന് വെട്ടിക്കല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ സഭയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സന്ന്യസ്തരുടെയും യോഗത്തില്‍ പങ്കെടുക്കും. 3.30 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുന്ന സഭാ വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി എന്നിവയുടെ സംയുക്ത യോഗത്തെ പരിശുദ്ധ ബാവാ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കടുങ്ങമംഗലം സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളി സന്ദര്‍ശിക്കും. വൈകിട്ട് 6.30 ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിനോട് ചേര്‍ന്നുള്ള ശക്രള്ള നഗറില്‍ നടക്കുന്ന പരിശുദ്ധ ശക്രള്ള മാര്‍ ബസേലിയോസ് ബാവായുടെ 250-ാം ദുഖ്‌റോനോയില്‍ സംബന്ധിക്കും. തുടര്‍ന്ന് 7.30 ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കുടുംബാംഗമായിരുന്ന പരിശുദ്ധ യൂയാക്കിം മോര്‍ കൂറിലോസ് ബാവ കബറിടം സ്ഥിതിചെയ്യുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് കടയ്ക്കനാട് അരമന എത്തിച്ചേരും.

ഫെബ്രുവരി 13 ന് രാവിലെ 7 ന് പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് കോതമംഗലം സെന്റ് മേരീസ് കത്തീഡ്രല്‍ വലിയ പള്ളി സന്ദര്‍ശിക്കും. 11.30 ന് കോഴഞ്ചേരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. തുടര്‍ന്ന് മഞ്ഞിനിക്കരയിലുള്ള തുമ്പമണ്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിക്കും. വൈകിട്ട് 4 ന് മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദുഖ്‌റോനോയോട് അനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടക സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിക്കും.

ഫെബ്രുവരി 14 ന് രാവിലെ മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറാ കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആഗോള മരിയന്‍ തീര്‍ത്ഥാന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയും പരുമലയിലുള്ള നിരണം ഭദ്രാസന ആസ്ഥാനമായ സെന്റ് ഗ്രീഗോറിയോസ് പേട്രീയാര്‍ക്കല്‍ സെന്ററും കാവുംഭാഗം സെന്റ് ജോര്‍ജ്് കത്തീഡ്രലും സന്ദര്‍ശിക്കും. വൈകിട്ട് 5.30 ന് മലേക്കുരിശ് ദയറായില്‍ സ്വീകരണം തുടര്‍ന്ന് സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നിര്‍വ്വഹിക്കും.

ഫെബ്രുവരി 15 ന് മലേക്കുരിശ് ദയറായിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് ് 3 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ നടക്കുന്ന ഭക്തസംഘടനകളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ്, തൃപ്പൂണിത്തുറ നടമേല്‍ സെന്റ് മേരീസ് കത്തീഡ്രല്‍, എളംകുളം സെന്റ് മേരീസ് സൂനോറോ പേട്രിയാര്‍ക്കല്‍ കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഫെബ്രുവരി 16 ന് രാവിലെ 9.30 ന് കൂത്താട്ടുകുളം ബസേലിയോസ് തോമസ് ഒന്നാമന്‍ കാതോലിക്കോസ് എന്‍ജിനിയറിംഗ് കോളജിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 11 ന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് തുരുത്തിശ്ശേരി സിംഹാസന കത്തീഡ്രല്‍, അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് 4.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും. വൈകിട്ട് 7.30 ന് ചെന്നൈ അണ്ണാനഗര്‍ സെന്റ് തോമസ് പള്ളിയുടെ കൂദാശ നിര്‍വ്വഹിക്കും.

ഫെബ്രുവരി 17 ന് രാവിലെ ദില്ലിയിലേക്ക് യാത്ര പുറപ്പെടും. ഇന്‍ഡ്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാന മന്ത്രി നരന്ദ്ര മോഡി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദര്‍ശിക്കും. 18 ന് ലബനോനിലേക്ക് തിരികെ പോകും.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിട്ടാണ് പരിശുദ്ധ ബാവ ഭരതം സന്ദര്‍ശിക്കുക. ആറ് മെത്രാപ്പോലീത്തന്മാരടങ്ങുന്ന ഉന്നതതല സംഘം പരിശുദ്ധ ബാവായെ അനുഗമിക്കും. ആര്‍ച്ച് ബിഷപ്പുമാരായ മോര്‍ ഗ്രീഗോറിയോസ് സലീബ ശെമവൂന്‍ (മൂസല്‍, ഇറാക്ക്), മോര്‍ അത്താനാസിയോസ് സാമൂവേല്‍ അക്താസ് (തുറുബ്ദീന്‍, ഡര്‍ക്കി), മോര്‍ ദീയസ്‌കോറോസ് ബന്യാമിന്‍ അക്താസ് (സ്വീഡന്‍), മോര്‍ യുസ്തിയോസ് പൗലോസ് സഫര്‍ (സഖേല്‍, ലബനോന്‍), മോര്‍ തീമോത്തിയോസ് മത്താ അല്‍ഖൂറി (പാട്രിയാര്‍ക്കല്‍ അസിസ്റ്റന്റ്), മോര്‍ തീമോത്തിയോസ് മാത്യൂസ് (മലങ്കര അഫേഴ്‌സ് സെക്രട്ടറി) എന്നിവരും അമേരിക്കയില്‍ നിന്നും സിറിയായില്‍നിന്നുമുള്ള 5 അല്‍മായ പ്രമുഖരും സംഘത്തില്‍ ഉണ്ടാകും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ചെയര്‍മാനും സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ജനറല്‍ കണ്‍വീനറും സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി പൂവന്തറ മത്തായി കോര്‍എപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, ജോയിന്റ് കണ്‍വീനര്‍മാരായും കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. പാത്രിയര്‍ക്കാ സന്ദര്‍ശനത്തിന് മുന്നോടിയായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നിന്ന് ദീപശിഖയും തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ നിന്ന് ഛായചിത്രവും ഘോഷയാത്രയായി സമ്മേളന സ്ഥലമായ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ കൊണ്ടുവരും.

1 Comment on "Program details of His Holiness Patriarch Moran Mor Ignatius Aphrem II's First Apostolic visit to Malankara (India)"

  1. option for share not available ..please do it…

Leave a comment

Your email address will not be published.


*


No announcement available or all announcement expired.