മഞ്ഞനിക്കര തീര്‍ത്ഥയാത്രാസംഘത്തിലെ വടക്കന്‍, ഹൈറേഞ്ച്, കിഴക്കന്‍ മേഖലകളില്‍ നിന്നായി അയ്യായിരം ഭക്തജനങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് കൂത്താട്ടുകുളത്ത് സംഗമിക്കും. കൂത്താട്ടുകുളം – ടൗണ്‍ ചാപ്പലില്‍ നിന്ന് കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ചാപ്പലിലേക്കെത്തുന്ന ഭക്തരെ കത്തിച്ച മെഴുകുതിരികളോടെ കൂത്താട്ടുകുളം സൗത്ത് സെന്റ് സ്റ്റീഫന്‍സ് പള്ളിയിലേക്ക് വരവേല്‍ക്കും. പള്ളിയങ്കണത്തില്‍ അയ്യായിരം ഭക്തജനങ്ങള്‍ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഫാ. എ.എം. ഉലഹന്നാന്‍ ഏറാടിക്കുന്നേല്‍, ട്രസ്റ്റിമാരായ ജോര്‍ജ് ഇടിഞ്ഞുകുഴിയില്‍, സണ്ണി ചമ്പമല എന്നിവര്‍ അറിയിച്ചു. തുടര്‍ന്ന് തീര്‍ത്ഥയാത്രാസംഘം ഏറ്റുമാനൂര്‍ വഴി മഞ്ഞനിക്കരയിലേക്ക് യാത്ര തിരിക്കും.
ഇടയാര്‍ മേഖലയില്‍ നിന്നുള്ള ഭക്തജനങ്ങള്‍ ഇടയാര്‍ സെന്റ് മേരീസ് സുറിയാനി പള്ളിയങ്കണത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആരംഭിക്കും. ഫാ. ഷാജി മേപ്പാടത്ത്, തീര്‍ത്ഥയാത്ര മേഖലാ കണ്‍വീനര്‍ ചിന്നന്‍ മംഗലശ്ശേരി, എ.വൈ. സൈമണ്‍കുട്ടി, ജേക്കബ്ബ് ജോണ്‍ എന്നിവര്‍ നേതൃത്വംനല്‍കും.
മുളക്കുളം കൊട്ടാരക്കുന്ന് പള്ളിയിലെത്തി മറ്റ് തീര്‍ത്ഥയാത്രാ സംഘവുമായിട്ടൊരുമിച്ച് ഏറ്റുമാനൂര്‍ വഴി മഞ്ഞനിക്കരയിലേക്ക് പോകും.
കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ മഞ്ഞനിക്കര തീര്‍ത്ഥയാത്രാ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഫാ. എ.എം. ഉലഹന്നാന്‍ കൊടിയേറ്റി. ഇ.എ. ജോര്‍ജ് സാവോയ്, സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
Be the first to comment on "മഞ്ഞനിക്കര തീര്‍ത്ഥയാത്ര: 5000 പേര്‍ ഇന്ന് കൂത്താട്ടുകുളത്ത് സംഗമിക്കും"