വടക്കന്‍ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര തിങ്കളാഴ്ച വൈകീട്ട് 4ന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിലെ പള്ളികളില്‍ നിന്നും വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നും എത്തുന്ന വിശ്വാസികള്‍ ചെറിയ വാപ്പാലശ്ശേരിയില്‍ സംഗമിച്ചാണ് തീര്‍ഥയാത്രയായി പുറപ്പെടുന്നത്. അങ്കമാലി, നെടുമ്പാശ്ശേരി മേഖലയിലെ എല്ലാ യാക്കോബായ പള്ളികളില്‍ നിന്നും തീര്‍ഥാടകര്‍ എത്തും. മഞ്ഞനിക്കരവരെയുള്ള യാത്രാമധ്യേ 600-ഓളം പള്ളികളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങള്‍ പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേരും.
പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിലെ കെടാവിളക്കില്‍നിന്ന് കൊളുത്തുന്ന ദീപശിഖ കൈമാറി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തീര്‍ഥയാത്രയെ ആശീര്‍വദിക്കും. ഡോ. എബ്രഹാം മോര്‍ സേവേറിയോസ്, ഏല്യാസ് മോര്‍ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്തമാരും പങ്കെടുക്കും. പാത്രിയാര്‍ക്കാ പതാക അകപറമ്പ് ആറ് സെന്റ് കോളനിയിലെ കുരിശിന്‍തൊട്ടിയില്‍ നിന്നും കുരിശ് മേയ്ക്കാട് ചാപ്പലില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കാല്‍നട തീര്‍ഥയാത്രയില്‍ ജാതിമത ഭേദമന്യേ വിശ്വാസികള്‍ പങ്കെടുക്കും. പരിശുദ്ധ ബാവായുടെ ചിത്രംവച്ച് അലങ്കരിച്ച രഥത്തിനു പിന്നില്‍ പ്രാര്‍ഥനാഗാനങ്ങള്‍ ഏറ്റുചൊല്ലിയാണ് തീര്‍ഥാടകസംഘം നടന്നുനീങ്ങുക.
ചെറിയ വാപ്പാലശ്ശേരി പള്ളിയില്‍ നിന്ന് പുറപ്പെടുന്ന തീര്‍ഥയാത്രയ്ക്ക് അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ജില്ലയുടെ വടക്കുഭാഗത്തുള്ള പൂതംകുറ്റി, മൂക്കന്നൂര്‍, ആഴകം, പള്ളികളില്‍ നിന്നുള്ള തീര്‍ഥയാത്രകളും, മഞ്ഞപ്ര ഭാഗങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരും മറ്റൂര്‍ പള്ളിയില്‍ എത്തി പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേരും. തുടര്‍ന്ന് കാലടി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാറേത്തുമുകള്‍ പള്ളിയിലെത്തി തീര്‍ഥാടകര്‍ വിശ്രമിക്കും.
ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ആറന്മുള, പത്തനംതിട്ട എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന തീര്‍ഥയാത്ര വെള്ളിയാഴ്ച വൈകീട്ട് മഞ്ഞനിക്കരയില്‍ എത്തിച്ചേരും. യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും ചേര്‍ന്ന് തീര്‍ഥയാത്രാ സംഘത്തെ സ്വീകരിക്കും. ശനിയാഴ്ച പരിശുദ്ധ ഏല്യാസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തശേഷം തീര്‍ഥാടക സംഘം മടങ്ങും.
Be the first to comment on "വടക്കന്‍ മേഖല മഞ്ഞനിക്കര തീര്‍ഥയാത്ര ഇന്ന് പുറപ്പെടും"