78-ാമത് ഓമല്ലൂര്‍-മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ശനിയാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുമെന്ന് അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്‍ത്ഥയാത്രാ സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആറിന് ഹൈറേഞ്ച് മേഖലയില്‍ നിന്നും എട്ടിന് അങ്കമാലി മേഖലയില്‍ നിന്നും ഒന്‍പതിന് രാവിലെ 6.30ന് കോതമംഗലം ചെറിയപള്ളിയില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിക്കും. കോതമംഗലത്ത് ശ്രേഷ്ഠ കാതോലിക്ക ബാവ തീര്‍ത്ഥയാത്രയെ ആശിര്‍വദിക്കും.
മണീട് പള്ളിയില്‍ നിന്ന് വൈകീട്ട് 3ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത തീര്‍ത്ഥയാത്രയെ ആശിര്‍വദിക്കും. തൃപ്പൂണിത്തുറ നടമ പള്ളിയില്‍ നിന്ന് രാവിലെ 7.30ന് സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തീര്‍ത്ഥയാത്ര ആശിര്‍വദിക്കും.
വടക്കന്‍ പ്രദേശത്ത് നിന്നുള്ള തീര്‍ത്ഥയാത്രകള്‍ സംഗമിച്ച് നീലിമംഗലം, കോട്ടയം, ചിങ്ങവനം, കുറിച്ചി, തിരുവല്ല, ആറന്മുള വഴി 12ന് വൈകീട്ട് മൂന്നിന് ഓമല്ലൂര്‍ കുരിശുംതൊട്ടിയിലെത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, പാത്രിയര്‍ക്കാ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഗ്രീഗോറിയോസ് യൂഹാന്നോന്‍ ഇബ്രാഹിം മെത്രാപ്പോലീത്ത എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 12ന് വൈകീട്ട് 6.30 മുതല്‍ കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന ഉണ്ടാകും. 13ന് രാവിലെ 3നും 5.30നും മൂന്നിന്മേല്‍ കുര്‍ബാന, 8.30ന് പാത്രിയര്‍ക്കാ പ്രതിനിധിയുടെ നേതൃത്വത്തില്‍ കുര്‍ബാന ഉണ്ടാകും.
മഞ്ഞിനിക്കര തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘം പ്രസിഡന്റ് തോമസ് കോര്‍ എപ്പിസ്‌കോപ്പ പനച്ചിയില്‍ പറഞ്ഞു. റെജി ജോണ്‍ ഇടമ്പാടത്ത്, റെജി കുര്യന്‍ കൊള്ളിനാല്‍, ബിജു കുര്യാക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Be the first to comment on "മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന് തുടങ്ങും"