മലങ്കര സഭാപ്രശ്‌നം സംബന്ധിച്ച് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സിലിഷ്യ കാതോലിക്ക അരാം പ്രഥമന്‍ ബാവായും മലങ്കര യാക്കോബായ സുറിയാനി സഭാ പ്രതിനിധികളുമായി കോട്ടയത്ത് ചര്‍ച്ചനടത്തി. അര്‍മീനിയന്‍ കാതോലിക്ക ബാവയുടെ ആഗ്രഹപ്രകാരമായിരുന്നു ചര്‍ച്ചയെന്ന് യാക്കോബായ സഭാനേതൃത്വം പറഞ്ഞു. മലങ്കര യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുടെ കാതോലിക്കബാവാമാരെ ഒരുമിച്ച്കാണാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചയില്‍ അരാം പ്രഥമന്‍ ബാവാ പറഞ്ഞു.
ഇരുസഭകളായി തുടരുകയെന്നതാണ് യാക്കോബായ സഭയുടെ പ്രഖ്യാപിത നിലപാടെന്നും, എന്നാല്‍ ചര്‍ച്ചകള്‍ക്ക് സഭ എതിരല്ലെന്നും യാക്കോബായ സഭാനേതൃത്വം ബാവായെ അറിയിച്ചു. അടുത്ത കൂടിക്കാഴ്ചയില്‍ ഇരുസഭകളിലെയും മെത്രാപ്പോലീത്തമാരെ ഒരുമിച്ച് കാണണമെന്നും അര്‍മീനിയന്‍ കാതോലിക്ക ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. യാക്കോബായ സഭാനേതൃത്വം ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.