Malayalam Section

സഹോദരസഭയില്‍നിന്നു യാക്കോബായ സഭയ്‌ക്കു പീഡനം ഏല്‍ക്കേണ്ടിവരുന്നതു ദുഃഖകരം: പാത്രിയര്‍ക്കാ പ്രതിനിധി

 

 

ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.

 

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ പ്രാര്‍ഥനായജ്‌ഞം നടത്തുന്ന ശ്രേഷ്‌ഠകാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മെത്രാപ്പോലീത്ത.

 

മലങ്കര സഭയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ സഭ തരണംചെയ്യുമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഇവിടത്തെ സംഭവങ്ങളില്‍ ഏറെ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ആശങ്കയോടെയാണ്‌ അന്ത്യോഖ്യാസിംഹാസനം ഇതിനെ വീക്ഷിക്കുന്നത്‌. ക്രൈസ്‌തവ സഭാചരിത്രത്തില്‍ ആദ്യത്തെ സഭയായ സുറിയാനി സഭ ലോകത്തിന്റെ വെളിച്ചമാണെന്നും സഭയുടെ സത്യം നിലനില്‍ക്കുന്നിടത്തോളം കാലം അധാര്‍മിക മാര്‍ഗത്തിലൂടെ തോല്‍പിക്കാനാവില്ലെന്നും അന്ത്യോഖ്യാപ്രതിനിധി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രേഷ്‌ഠബാവയ്‌ക്കും മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ പാര്‍ത്രിയര്‍ക്കീസ്‌ ബാവ എല്ലാവിധ പിന്തുണയും അറിയച്ചതായി അദ്ദേഹം പറഞ്ഞു.

 


കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും

 

കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.

 

1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.

 

കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.

 

ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.

 

കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.


No announcement available or all announcement expired.