കോലഞ്ചേരി ഉള്‍പ്പെടെയുള്ള ഇടവകകളില്‍ 1934 ലെ സഭാ ഭരണഘടന നടപ്പാക്കുക പ്രായോഗികമല്ലെന്നു നിയമോപദേശം. 1995 ല്‍ സുപ്രീം കോടതി ഭേദഗതി ചെയ്‌ത 1934 ലെ സഭാ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ഭരണപരമായി നടപ്പാക്കുമ്പോള്‍ ആത്മീയ വിഷയത്തില്‍ അംഗീകരിക്കുന്നില്ല. വിശ്വാസപൈതൃകം, ഭരണസംവിധാനം, അച്ചടക്കം എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് 1934 ലെ ഭരണഘടനയുടെ സാധുത സുപ്രീം കോടതി ഉള്‍ക്കൊണ്ടത്. വിശ്വാസ പൈതൃകത്തില്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത് ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പാത്രിയര്‍ക്കീസ്, അദ്ദേഹം അംഗീകരിക്കുന്ന കാതോലിക്കോസ്, അദ്ദേഹം നിയോഗിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്ത, വൈദികന്‍ എന്നീ വിധമുള്ള പൗരോഹിത്യ ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ കാതോലിക്കോസിന് 1934 ലെ ഭരണഘടന പ്രകാരം നിലനില്‍പ്പില്ലെന്നാണു നിയമവിദഗ്‌ധരുടെ വാദം. 34 ലെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഭരണഘടനതന്നെ വിഘാതം സൃഷ്‌ടിക്കുമെന്ന നിയമപ്രശ്‌നമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.