മുഖ്യമന്ത്രിയുടേയും മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ച് ഇന്നലെ മുതല്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടത്തി വന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന് മാറ്റം വരുത്തിയിരുന്നു. എങ്കിലും ഇന്നലെ രാവിലെയും വൈകിട്ടും ബാവാ പ്രാര്‍ത്ഥനാ യജ്‌ഞപ്പന്തലില്‍ എത്തിയിരുന്നു. ഇന്നലെ മെത്രാപ്പോലീത്തമാരും അങ്കമാലി ഭദ്രാസനത്തിലെ വൈദികരും നേതൃത്വം നല്‍കി. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യസ്‌ഥ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
ശനിയാഴ്‌ചക്കുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് ബാവായുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്റെ ഘടന മാറ്റിയത്. യാക്കോബായ സഭയുടെ പ്രാര്‍ഥനാ യജ്‌ഞം തുടരുന്ന സാഹചര്യത്തില്‍ മധ്യസ്‌ഥ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിലപാടുമൂലമാണ് ശ്രേഷ്‌ഠ ബാവാ മധ്യസ്‌ഥരുമായും സര്‍ക്കാരുമായും സഹകരിക്കാന്‍ തയ്യാറായത്. ഇതിനു പുറമേ ബാവായുടെ ആരോഗ്യസ്‌ഥിതി മോശമായതും സഭാനേതൃത്വത്തെ അനുരഞ്‌ജനത്തിന് പ്രേരിപ്പിച്ചു. കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് പുതിയ പള്ളി നിര്‍മ്മിക്കാനുള്ള സ്‌ഥലവും, പണവും നല്‍കാമെന്ന ധാരണയിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നത്. യാക്കോബായ വിഭാഗത്തിന് ഒരു കാരണവശാലും പള്ളിയില്‍ ആരാധനാ സ്വാതന്ത്രം നല്‍കില്ലെന്നും വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനയില്‍ പങ്കെടുക്കാമെന്നുമുള്ള നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഉറച്ച് നില്‍ക്കുകയാണ്.
ഇതേ തുടര്‍ന്നാണു ചെറിയ അവകാശം നല്‍കി ഒഴിവാക്കാമെന്ന ധാരണയോട് ഓര്‍ത്തഡോക്‌സ് വിഭാഗം സഹകരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങളോട് യാക്കോബായ സഭാ നേതൃത്വവും താല്‍പ്പര്യക്കുറവ് പ്രകടിപ്പിക്കുന്നുണ്ട്. മറ്റ് പള്ളികളിലേക്കും ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാമെന്ന ഭയവും സഭാ നേതൃത്വത്തിനുണ്ട്. ഇന്നലെ നടന്ന പ്രാര്‍ഥനാ യജ്‌ഞത്തിന് മെത്രാപ്പോലീത്തമാരായ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Be the first to comment on "കോലഞ്ചേരിയില്‍ പ്രാര്‍ഥനായജ്‌ഞം തുടരുന്നു; മധ്യസ്‌ഥ ചര്‍ച്ച സജീവം"