കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌

മലങ്കരസഭയിലെ വ്യവഹാരങ്ങളും തര്‍ക്കങ്ങളും പതിറ്റാണ്ടുകളായി ക്രൈസ്‌തവസാക്ഷ്യത്തിനും സാമൂഹിക പ്രതിബദ്ധതയ്‌ക്കും ക്ഷതമേല്‍പ്പിച്ചുകൊണ്ട്‌, നിര്‍ഭാഗ്യവശാല്‍, ഇന്നും തുടരുന്നു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിത്തര്‍ക്കം ഈ വഴിയില്‍ വീണ്ടും പ്രശ്‌നസങ്കീര്‍ണമായിരിക്കുന്നു. ഈ തര്‍ക്കത്തിനുള്ള ശാശ്വതപരിഹാര മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്‌ ഈ കുറിപ്പിന്‌ ആധാരം.

എന്താണു നിലവിലെ പ്രശ്‌നം?

1995 ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ 1934 ലെ ഭരണഘടന കോലഞ്ചേരി ഇടവകയുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കാതോലിക്കാ വിഭാഗം പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണു യാക്കോബായ വിശ്വാസികള്‍ കോടതിയെ സമീപിച്ചത്‌. നിര്‍ഭാഗ്യവശാല്‍ കോടതി വിധി പ്രതികൂലമായി. വിധിയനുസരിച്ച്‌, 80 ശതമാനം വരുന്ന യാക്കോബായ വിശ്വാസികള്‍ക്കു പള്ളി നഷ്‌ടമാകുകയും 20 ശതമാനം വരുന്ന കാതോലിക്കാ വിഭാഗത്തിനു ലഭിക്കുകയും ചെയ്യുന്ന സാഹചര്യം പ്രതിരോധിക്കുന്നതിനാണു പ്രാര്‍ഥനായജ്‌ഞമെന്ന ആത്മീയമാര്‍ഗവും സഹനസമരമെന്ന ഗാന്ധിയന്‍രീതിയും സ്വീകരിക്കാന്‍ യാക്കോബായ സഭ നിര്‍ബന്ധിതമായത്‌.

എതിര്‍വിഭാഗത്തിന്റേതു മാത്രമാണ്‌ 1934ലെ ഭരണഘടന. ഇതനുസരിച്ച്‌ പള്ളി ഭരിക്കുന്നതു ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല. ഇടവക നിയമാനുസൃത പൊതുയോഗം കൂടി ഈ ഭരണഘടന അംഗീകരിച്ചിട്ടില്ല എന്നതുതന്നെ കാരണം. മറിച്ച്‌ 1913 ലെ ഉടമ്പടിയാണു പള്ളിയുടെ നടത്തിപ്പിന്‌ ആധാരം. 1973 ലാണ്‌ ഏറ്റവും ഒടുവിലായി കോലഞ്ചേരി പള്ളിയില്‍ ഇടവക പൊതുയോഗം ചേര്‍ന്നത്‌. ഇതിനെ കോടതിയും ശരിവയ്‌ക്കുന്നു.

1934 ലെ ഭരണഘടന പ്രകാരം മാനേജിംഗ്‌ കമ്മറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം 15 ആണ്‌. 1913 ലെ ഉടമ്പടി പ്രകാരം ഇതാകട്ടെ പതിനെട്ടും. കോടതി അംഗീകരിച്ച 1973 ലെ ഇടവക പൊതുയോഗം തെരഞ്ഞെടുത്തത്‌ 18 അംഗങ്ങളെയാണ്‌. ഇതില്‍നിന്നു വ്യക്‌തമാകുന്നതു പള്ളി ഭരിക്കപ്പെടുന്നത്‌ 1913 ലെ ഉടമ്പടി അനുസരിച്ചാണെന്നാണ്‌. ഇടവകപള്ളികളുടെ കാര്യം തീരുമാനിക്കേണ്ടത്‌ ഇടവക പൊതുയോഗമാണെന്ന്‌ 1995 ല്‍ സുപ്രീം കോടതിയും പ്രസ്‌താവിച്ചിട്ടുണ്ട്‌. അതിനാല്‍ ഇടവക അംഗീകരിക്കാത്ത ഭരണഘടന അടിച്ചേല്‍പ്പിച്ചു സത്യവിശ്വാസികളെ ഇറക്കിവിടാനുള്ള നീക്കം ചെറുക്കാതിരിക്കാന്‍ യാക്കോബായ സഭയ്‌ക്കു കഴിയില്ല. യഥാര്‍ഥത്തില്‍ ഇതാണു തര്‍ക്കവിഷയം.

പരിഹാരമാര്‍ഗങ്ങള്‍

കോലഞ്ചേരി പള്ളിത്തര്‍ക്കം ഒറ്റപ്പെട്ടതല്ല. മലങ്കര സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന തര്‍ക്കങ്ങളില്‍ അവസാനത്തേതാണ്‌. കോടതി വിധി സഭാതര്‍ക്കങ്ങള്‍ക്കു ശാശ്വതപരിഹാരമാകില്ല എന്നതു ചരിത്രം തെളിയിച്ച സത്യമാണ്‌. അല്ലെങ്കില്‍, 1995 ല്‍ രാജ്യത്തെ പരമോന്നത നീതിന്യായകോടതി അന്തിമവിധി പ്രഖ്യാപിച്ച്‌ 18 വര്‍ഷം കഴിഞ്ഞിട്ടും വ്യവഹാരപരമ്പര അവസാനിക്കാത്തതും പ്രശ്‌നം പരിഹരിക്കാത്തതും എന്തുകൊണ്ടാണ്‌? വിശ്വാസികളുടെ നേര്‍ച്ചപ്പണത്തില്‍നിന്നു കോടികളാണു വ്യവഹാരങ്ങള്‍ക്കു നീക്കിവയ്‌ക്കുന്നത്‌. സാധുജനപരിപാലനത്തിനും ആതുരസേവനത്തിനും വിനിയോഗിക്കേണ്ട പണമാണ്‌ ഇപ്രകാരം ദുര്‍വ്യയം ചെയ്യുന്നത്‌.

വിധി പ്രസ്‌താവിച്ചിട്ടുള്ള കോടതികള്‍ പലപ്പോഴും നിരീക്ഷിച്ച പ്രധാന വസ്‌തുതയാണു സഭാപ്രശ്‌നം വ്യവഹാരങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയില്ല എന്നത്‌. ഉഭയചര്‍ച്ചകളിലൂടെയും മധ്യസ്‌ഥശ്രമങ്ങളിലൂടെയുമാണു സഭകള്‍ പ്രശ്‌നം പ
രിഹരിക്കേണ്ടത്‌. യാക്കോബായ സഭ എന്നും ഈ പരിഹാരമാര്‍ഗങ്ങളെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. തുടര്‍ന്നും അതു തന്നെയാണ്‌ ഏക പോംവഴി. സമൂഹത്തിലെ പ്രമുഖരും ജനനേതാക്കളും വിവിധ സഭാനേതാക്കളും പ്രശ്‌നം മധ്യസ്‌ഥചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതിവിധി മാത്രമാണു ശരിയായ മാര്‍ഗം എന്ന മറുപക്ഷത്തിന്റെ നിലപാടാണ്‌ എല്ലാത്തിനും വിലങ്ങുതടിയാകുന്നത്‌.

ഇരുസഭകളും രണ്ടുപ്രാവശ്യം യോജിച്ച്‌ ഒറ്റ സഭയായി ഐക്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഘടനാപരമായ ഈ ഐക്യം നിലനിന്നില്ല. ഇരുവിഭാഗങ്ങളും ചില കേന്ദ്രവിഷയങ്ങളില്‍ ഇരുധ്രുവങ്ങളിലായതാണു കാരണം. ഇതില്‍ പ്രധാനപ്പെട്ടതു പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായി ബന്ധപ്പെട്ടുള്ളതാണ്‌. യാക്കോബായ സഭ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനു കീഴില്‍ നില്‍ക്കുകയും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ പരമമേലധ്യക്ഷസ്‌ഥാനം മാത്രം അംഗീകരിക്കുകയും ചെയ്യുന്നു. 95 ലെ സുപ്രീംകോടതി വിധി, മേല്‍പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ട സത്യങ്ങളായി പ്രഖ്യാപിച്ചെങ്കിലും മറുപക്ഷമാകട്ടെ, അത്‌ അംഗീകരിക്കാതെ സ്വയം ശീര്‍ഷക വാദവുമായി മുന്നോട്ടുപോകുന്നു. ഈ വിഷയങ്ങളില്‍ ഇരുസഭകളും വൈകാരികമായി രണ്ടു ധ്രുവങ്ങളിലായി തുടരുന്നതിനാല്‍ പരസ്‌പരം ആദരിച്ച്‌ അങ്ങനെ തന്നെ നിലനില്‍ക്കുക എന്നതു മാത്രമാണു കരണീയമായ ശാശ്വതപരിഹാരം.

ഈ തത്വത്തിന്റെ അടിസ്‌ഥാനത്തില്‍ ഇരുകൂട്ടരും മേശയ്‌ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്‌താല്‍ മലബാര്‍ ഭദ്രാസനത്തില്‍ ഉണ്ടായതു പോലുള്ള ശാശ്വതപരിഹാരം സൃഷ്‌ടിക്കുവാന്‍ കഴിയും. അവിടെ തര്‍ക്കമുള്ളിടത്ത്‌, ഭൂരിപക്ഷം പള്ളി എടുക്കാനും ന്യൂനപക്ഷത്തിനു പുതിയ പള്ളി നിര്‍മിച്ചു കൊടുക്കാനും സെമിത്തേരി പൊതുവായി ഉപയോഗിക്കാനും ധാരണയുണ്ടാക്കിയാണു പ്രശ്‌നം പരിഹരിച്ചത്‌. ഇങ്ങനെ മലബാര്‍ ഭദ്രാസനത്തില്‍ ധാരണയുമായി മുന്നോട്ടു പോകാമെങ്കില്‍ അത്‌ എല്ലായിടത്തും സാധിക്കും. ഇച്‌ഛാശക്‌തിയുള്ള നേതൃത്വം മാത്രം മതി.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനു കീഴില്‍മാത്രം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ യാക്കോബായ സഭയായും മറിച്ചു ചിന്തിക്കുന്നവര്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയായും സഹോദരസ്‌നേഹത്തോടെ വര്‍ത്തിക്കുവാന്‍ കഴിയും. കഴിയണം. വ്യവഹാരങ്ങള്‍ എന്നേക്കുമായി അവസാനിപ്പിച്ച്‌ ആ പണം സാമൂഹികനന്മയ്‌ക്കായി ഉപയോഗിച്ച്‌ ഇരുസഭകളും വര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ ക്രൈസ്‌തവസാക്ഷ്യം പുലരും. അതിനാല്‍ പരസ്‌പരം മാനിച്ചും ആദരിച്ചും ക്രൈസ്‌തവസാക്ഷ്യം നിര്‍വഹിക്കുന്ന രണ്ടു സഭകളായി സമാധാനപരമായി പോകുവാന്‍ ലക്ഷ്യമിടാം.

ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ ഓര്‍മിപ്പിച്ചതു പോലെ ജനവികാരം കണക്കിലെടുക്കാത്ത വിധികള്‍ ജനങ്ങള്‍ അംഗീകരിക്കില്ല. വിളപ്പില്‍ശാലയില്‍ നാം അതുകണ്ടതാണ്‌. ഉദാഹരണങ്ങള്‍ ഏറെയുണ്ട്‌. ഭൂരിപക്ഷത്തെ ഇറക്കിവിട്ടു ന്യൂനപക്ഷം പള്ളി കൈയടക്കുന്നതു കോടതിവിധിയുടെ സാങ്കേതികതയിലായാലും ജനകീയ കോടതികളില്‍ ധാര്‍മികമാവില്ല.

അങ്ങനെ പിടിച്ചെടുക്കുന്ന പള്ളികളിലെ ആരാധന ദൈവികമാകുമോ? അതിനാല്‍ ഇരുകൂട്ടര്‍ക്കും ആരാധനാസ്വാതന്ത്ര്യമുണ്ടായിരുന്ന കോലഞ്ചേരി പള്ളിയില്‍ ആ സ്‌ഥിതി പുനഃസ്‌ഥാപിച്ചു നീതി നടപ്പാക്കണം. അതോടൊപ്പം തര്‍ക്കമുള്ള എല്ലാ പള്ളികളിലും മലബാര്‍ ഭദ്രാസന മാതൃക നടപ്പിലാക്കുകയും വേണം. സഹോദരങ്ങളെപ്പോലെ ഇരുസഭകളായി സഭാ ദൗത്യം സമൂഹത്തില്‍ അര്‍ഥവത്തായി നിര്‍വഹിക്കുന്നതിനുള്ള സമാധാന അന്തരീക്ഷം ദൈവം ഒരുക്കട്ടെ.

Be the first to comment on "കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.