കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം

കോലഞ്ചേരി  സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിത്തര്‍ക്കം രണ്ടാഴ്‌ച പിന്നിടുമ്പോള്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം ഉയരുന്നു. ശ്രേഷ്‌ഠ ബാവായെ ഉപവാസ പ്രാര്‍ത്ഥനാ യജ്‌ഞപ്പന്തലില്‍ സന്ദര്‍ശിക്കുന്ന വിവിധ ക്രൈസ്‌തവ നേതാക്കളും, മതനേതാക്കളും ജനപ്രതിനിധികളുമടക്കമുള്ളവരാണ്‌ യാക്കോബായ സഭയുടെ സഹനസമരത്തെ പിന്തുണക്കുന്നത്‌. അനുരഞ്‌ജനത്തിലൂടെ മാത്രമേ രമ്യതയിലെത്തൂവെന്നാണ്‌ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം. കോടതിവിധികളിലൂടെ മാത്രം തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവില്ലെന്നും വാദിക്കുന്നവരുണ്ട്‌. ബാവായുടെ പ്രാര്‍ത്ഥനാ യജ്‌ഞം എറണാകുളം ജില്ലയിലെ യു.ഡി.എഫ്‌ എഫ്‌.എല്‍.എമാരേയും, എം.പിമാരേയും, രാഷ്‌ട്രീയ നേതാക്കളേയുമാണ്‌ വെട്ടിലാക്കിയിരിക്കുന്നത്‌. രണ്ടാഴ്‌ചയായി തുടരുന്ന ബാവായുടെ പ്രാര്‍ത്ഥനാ യജ്‌ഞം കണ്ടില്ലെന്ന്‌ നടിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രതികരിക്കാന്‍ പോലും തയ്യാറാകാതെ സന്ദര്‍ശനം നടത്തി മടങ്ങുന്ന കാഴ്‌ചയാണുള്ളത്‌.

 

ആദ്യഘട്ടത്തില്‍ യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരേ വിശ്വാസികള്‍ പ്രതിഷേധിച്ചെങ്കിലും ബാവയുടേയും സഭാ ഭാരവാഹികളുടേയും അഭ്യര്‍ഥന മാനിച്ച്‌ നിലവില്‍ പ്രതിഷേധത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്‌. സര്‍ക്കാരില്‍ നിന്നും സഭക്ക്‌ നീതി ലഭ്യമാക്കിത്തരുമെന്നുള്ള ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണിത്‌. ഇന്ന്‌ മുതല്‍ യൂത്ത്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രചരണത്തിനിറങ്ങും. സഭയുടെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മേഖലാ തലത്തില്‍ പ്രക്ഷോഭത്തിനും തയ്യാറെടുക്കുന്നുണ്ട്‌. കൂടാതെ ഇന്ന്‌ കോലഞ്ചേരിയിലേക്ക്‌ വിവിധ സ്‌ഥലങ്ങളില്‍ നിന്നും വാഹനറാലിയും ക്രമീകരിച്ചിട്ടുണ്ട്‌.

 

എണ്‍പത്‌ ശതമാനം വരുന്ന യാക്കോബായ വിഭാഗത്തിന്‌ കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും നീതിനിഷേധത്തിനും എതിരേയാണ്‌ ബാവ കഴിഞ്ഞ 14 ദിവസമായി വലിയ പള്ളിക്ക്‌ മുമ്പില്‍ ഉപവാസ പ്രാര്‍ഥനാ യജ്‌ഞം നടത്തിവരുന്നത്‌. ഇന്നലെ ജോസഫ്‌ വാഴക്കന്‍ എം.എല്‍.എ, സ്വാമി അയ്യപ്പദാസ്‌ എന്നിവര്‍ ബാവായെ സന്ദര്‍ശിക്കാനെത്തി. മെത്രാപ്പോലീത്തമാരായ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഗബ്രിയേല്‍ റമ്പാന്‍, ബന്യാമിന്‍ റമ്പാന്‍, മീഖായേല്‍ റമ്പാന്‍ എന്നിവരും ബാവയോടൊപ്പം ഉണ്ട്‌. സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു എന്നിവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി വരുന്നു.

 

http://www.mangalam.com/print-edition/keralam/108457

Be the first to comment on "കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.