സഭാ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയം -യാക്കോബായ സഭ

 

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങളില്‍ യുഡിഎഫ് സര്‍ക്കാറിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മാര്‍ തൊയോഫിലോസ്. സഭയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് സഹോദര സഭകളായി മുന്നോട്ട് പോകാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാവണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഭാംഗങ്ങള്‍ക്ക് സ്വസ്ഥതയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യാക്കോബായ സഭയ്ക്ക് അനുകൂലമായ കോടതിവിധികള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് സമ്മര്‍ദ്ദതന്ത്രത്തിലൂടെ മറുപക്ഷത്തിന് ആരാധന നടത്താനുള്ള സൗകര്യം ചെയ്തുകൊടുത്തു. പഴന്തോട്ടം, മാന്തളിര്‍ പള്ളികളില്‍ വിധി അനുകൂലമായിട്ടും ഓര്‍ത്തഡോക്‌സ് സഭയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങളില്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ യാക്കോബായ സഭയ്ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ആരംഭിച്ചിട്ടുള്ള പ്രാര്‍ത്ഥനായജ്ഞം തുടരും. ബുധനാഴ്ച രാവിലെ 11ന് കോലഞ്ചേരിയില്‍ നടക്കുന്ന സുനഹദോസില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

സഭാംഗങ്ങളായ മന്ത്രിമാരെയും എം. എല്‍. എ. മാരെയും ജനപ്രതിനിധികളായിട്ടാണ് സഭ കാണുന്നത്. എന്നാല്‍ സഭയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മതനേതൃത്വം ഇത്തരം വിഷയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കില്ല. എന്നാല്‍ ജനങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചേക്കാം. അടുത്ത തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശ്വാസസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി ജോര്‍ജ് മാത്യുതെക്കേത്തലയ്ക്കല്‍, മോന്‍സി വാവച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Source = http://pravasikairali.com

 

 

Be the first to comment on "സഭാ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയം -യാക്കോബായ സഭ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.