കോലഞ്ചേരിയില്‍ പടുകൂറ്റന്‍ റാലി

 

 

സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തുന്ന ഉപവാസ സമരം നാലാം ദിവസത്തിലേക്ക്‌ കടന്നു.

ഞായറാഴ്‌ചയാണ്‌ കോലഞ്ചേരി പള്ളിക്ക്‌ മുമ്പില്‍ ഉപവാസം ബാവ പ്രാര്‍ഥന ആരംഭിച്ചത്‌. ശവസംസ്‌കാര ശുശ്രൂഷക്ക്‌ പള്ളി വാതില്‍ തുറക്കാന്‍ കഴിയാത്ത സംഭവത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ പരാതിയില്‍ 52 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. പള്ളിയില്‍ ശക്‌തമായ പോലീസ്‌ കാവല്‍ ഉണ്ടായിരിക്കുമ്പോളാണ്‌ നിരപരാധികളായ വിശ്വാസികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന്‌ യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആലുവയില്‍ നിന്നും വിരലടയാള വിദഗ്‌ധരെത്തി പള്ളിയില്‍ തെളിവെടുപ്പ്‌ നടത്തിയിട്ടുണ്ട്‌. ആര്‍.ഡി.ഒയുടേയും പോലീസിന്റേയും സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ പള്ളിയുടെ തെക്കേ വാതിലിന്റെ കൊളുത്ത്‌ അകത്ത്‌ നിന്നും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിലെ ഇടവകാംഗത്തെക്കൊണ്ട്‌ ഊരിമാറ്റിയാണ്‌ സംഘം പള്ളിക്കകത്ത്‌ പ്രവേശിച്ച്‌ തെളിവെടുത്തത്‌. പള്ളിയുടെ മുന്‍ഭാഗത്തെ കിളിവാതില്‍ തെളിവെടുപ്പിനായി താല്‍ക്കാലികമായി തുറന്ന്‌ നല്‍കിയിരുന്നു.

ശ്രേഷ്‌ഠ ബാവയെ സന്ദര്‍ശിക്കാന്‍ നിരവധിയാളുകളാണ്‌ എത്തുന്നത്‌. ടി.യു. കുരുവിള എം.എല്‍.എ ഇന്നലെ ഉച്ചവരെ കോലഞ്ചേരിയില്‍ തങ്ങി സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നടത്തി. പി. രാജീവ്‌ എം.പി, എസ്‌. ശര്‍മ്മ എം.എല്‍.എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്‌, മുന്‍ എം.എല്‍.എ എം.എം മോനായി എന്നിവര്‍ ബാവയെ സന്ദര്‍ശിക്കാനെത്തി. മെത്രാപ്പോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌, ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, യൂഹന്നാന്‍ മോര്‍ മിലിത്തിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌ എന്നിവര്‍ ബാവയോടൊപ്പം പ്രാര്‍ഥനാ യജ്‌ഞത്തിന്‌ നേതൃത്വം നല്‍കി. ഇതിനിടെ യാക്കോബായ വിഭാഗം ശ്രേഷ്‌ഠ കാതോലിക്ക ബാവ നീതിക്ക്‌ വേണ്ടി നടത്തുന്ന പ്രാര്‍ഥനാ യജ്‌ഞം കണ്ടില്ലെന്ന്‌ നടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്‌തമായിരിക്കുകയാണ്‌.

സഭാംഗങ്ങളായ മന്ത്രി അനൂപ്‌ ജേക്കബ്‌, ബെന്നി ബെഹനാന്‍, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ടി.യു. കുരുവിള എന്നിവര്‍ക്കെതിരേയാണ്‌ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്‌തമാകുന്നത്‌. ആശുപത്രിയില്‍ നിന്നും എത്തി ഉപവാസം അനുഷ്‌ഠിക്കുന്ന ശ്രേഷ്‌ഠ ബാവയുടെ ആരോഗ്യസ്‌ഥിതിയും മോശമായിരിക്കുകയാണ്‌. ശക്‌തമായ മഴയെ അവഗണിച്ചും പ്രാര്‍ഥനാ യജ്‌ഞം തുടരുന്ന ബാവയോടൊപ്പം നിരവധി വൈദികരും, കന്യാസ്‌ത്രീകളും ഉള്‍പ്പടെ നൂറ്‌ കണക്കിന്‌ വിശ്വാസികളാണുള്ളത്‌. സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്‌. ശ്രേഷ്‌ഠ ബാവയുടെ ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഇന്നലെ വൈകിട്ട്‌ നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്ത റാലി നടത്തി.

 

 

 

Be the first to comment on "കോലഞ്ചേരിയില്‍ പടുകൂറ്റന്‍ റാലി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.