പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സഭാതര്‍ക്കത്തിന് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്തിരുന്നില്ല. വിശ്വാസികള്‍ മന:സാക്ഷി വോട്ട് ചെയ്ത് ടി.എം. ജേക്കബിന്‍െറ മകനെ വിജയിപ്പിക്കുകയായിരുന്നു.
തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചത് സ്വാഗതാര്‍ഹമാണ്. ഉപസമിതി യോഗം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതായി അറിഞ്ഞു. ഉടന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതുന്നു. സര്‍ക്കാര്‍ മന:പൂര്‍വം ദ്രോഹിക്കുന്നതായി കരുതുന്നില്ല.
എറണാകുളത്ത് 10 പള്ളികള്‍ തര്‍ക്കത്തെതുടര്‍ന്ന് പൂട്ടിയിട്ടിരിക്കുന്നു. ഇവിടങ്ങളിലെല്ലാം മറുപക്ഷത്തേക്കാള്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണ്. ആരാധനാലയങ്ങള്‍ പ്രാര്‍ഥന നടത്താതെ പൂട്ടിയിടുന്നത് ശരിയല്ല. 1974ല്‍ തുടങ്ങിയ തര്‍ക്കം പരിഹരിക്കാന്‍ കോടതിവഴി പലവട്ടം ശ്രമം നടന്നു. പുറത്തുവെച്ച് തീര്‍പ്പാക്കാന്‍ നാല് മധ്യസ്ഥരെ കോടതി നിയോഗിച്ചു. എന്നാല്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ മറുപക്ഷം തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സമുദായങ്ങള്‍ തമ്മിലെ ബന്ധം വഷളാകുന്നതായി അഭിപ്രായമില്ല. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി.
ഫുജൈറ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി കുദാശക്കായ് എത്തിയതാണ് ശ്രേഷ്ഠ കാതോലിക്ക, ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് , ഫുജൈറ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. പൗലോസ് കാളിയംമേലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Be the first to comment on "സഭാതര്‍ക്കം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല – ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ"