തൃക്കുന്നത്ത്‌ സെമിനാരിയിലെ പ്രാര്‍ത്ഥനയില്‍ കോടതി നിര്‍ദേശം ലംഘിച്ച്‌ ലൈവ്‌ ടെലികാസ്റ്റെന്ന്‌ പരാതി

 

തര്‍ക്കത്തിലുള്ള തൃക്കുന്നത്ത്‌ സെമിനാരിയില്‍ ഓര്‍മ്മപെരുന്നാളിന്‌ കോടതിയുടെ പ്രത്യേക അനുമതിയോടെ നടത്തിയ പ്രാര്‍ത്ഥനകളില്‍ വീഡിയോ എടുക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച്‌ ചടങ്ങുകളുടെ ലൈവ്‌ വീഡിയോ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്‌തതായി പരാതി. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ തര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ 35 വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന സെമിനാരിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഇരുവിഭാഗവും വീഡിയോ കാമറകളോ മൊബൈല്‍ ഫോണോ ഉപയോഗിക്കരുതെന്നായിരുന്നു ജസ്‌റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ ജനുവരി 23-ന്‌ നല്‌കിയ ഉത്തരവ്‌.

 

ജനുവരി 25, 26 തീയതികളില്‍ വാര്‍ഷിക പ്രാര്‍ത്ഥനാസമയത്ത്‌ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌ പ്രകാരം എഴുന്നൂറിലധികം പോലീസുകാരുടെ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 15 സിസിടിവികളുടെ നിരീക്ഷണത്തിലാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചിരുന്നത്‌. അഡ്വ. ശ്രീലാല്‍ വാരിയരെ കമ്മീഷണറായി കോടതി നിയമിച്ചിരുന്നു.

 

ഓര്‍ത്തഡോക്‌സ സഭാവിഭാഗം നടത്തിയ പ്രാര്‍ത്ഥനകളുടെ വീഡിയോ ചിത്രങ്ങളാണ്‌ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. ലൈവ്‌ സംപ്രേക്ഷണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരിലാണ്‌ ഇവ യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇത്‌ നിയമലംഘനമാണെന്ന്‌ യാക്കോബായ സഭാവിഭാഗം ആരോപിച്ചു.

 

കഴിഞ്ഞവര്‍ഷം യാക്കോബായ വിഭാഗം മൊബൈലും കാമറയും ഉപയോഗിച്ചത്‌ നിയമ ലംഘനമാണെന്ന്‌ കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ കോടതി നിരീക്ഷണത്തെ യാക്കോബായ സഭയ്‌ക്കെതിരെ വ്യാപകമായി ഉപയോഗിച്ച ഓര്‍ത്തഡോക്‌സ്‌ സഭ തന്നെ ഇത്തവണ നിയമം ലംഘനം നടത്തിയെന്നാണ്‌ പരാതി.

 

ജില്ലാ കളക്ടര്‍ പി.ഐ ഷെയ്‌ക്ക്‌ പരീത്‌ നേരിട്ടെത്തി സുരക്ഷാ പരിശോധന നടത്തിയതിനു ശേഷമാണ്‌ പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്‌. പ്രധാനവാതില്‍ തുറന്നിരുന്നില്ല.

 

ഇരുസഭാവിഭാഗങ്ങള്‍ക്കും വെവ്വേറെ സമയമാണ്‌ ആരാധന നടത്താനായി അനുവദിച്ചിരുന്നത്‌. രാവിലെ ഏഴു മുതല്‍ പതിനൊന്ന്‌ വരെ ഓര്‍ത്തഡോക്‌സ്‌ വിഭാഗവും ഒന്നു മുതല്‍ അഞ്ചു വരെ യാക്കോബായ വിഭാഗവുമാണ്‌ ആരാധന നടത്തിയത്‌. സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച്‌ യാക്കോബായ സഭാതലവന്‍ ആരാധനയ്‌ക്കായി പള്ളിയില്‍ എത്തിയിരുന്നില്ല. ധൂപപ്രാര്‍ത്ഥന മാത്രമേ നടത്താവൂ എന്നും പ്രാര്‍ത്ഥനയുടെ അവസാന പത്തുമിനിട്ട്‌ മാത്രമേ ഇരുവിഭാഗം മേലധ്യക്ഷന്മാരും പ്രാര്‍ത്ഥനയ്‌ക്കെത്താവൂ എന്നും കുര്‍ബാനയ്‌ക്കായി ഉപയോഗിക്കുന്ന കറുത്ത പുറംകുപ്പായം പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഓഫീസ്‌ സെക്രട്ടറിയുടെ ഒത്താശയോടെയാണ്‌ കോടതി നിര്‍ദ്ദേശം പാലിക്കാതിരുന്നതെന്ന്‌ യാക്കോബായ ആത്മായ നേതൃത്വം ആരോപിക്കുന്നു. കോടതിയില്‍ നിരീക്ഷണ കാമറകളുടെ ചിത്രങ്ങളാണ്‌ പുറത്തുവന്നതെന്നു വാദിക്കാനാണ്‌ നിയമലംഘനം നടത്തിയവര്‍ ശ്രമിക്കുക എന്നും ആക്ഷേപമുണ്ട്‌.

 

കഴിഞ്ഞ 35 വര്‍ഷമായി പൂട്ടിക്കിടക്കുന്ന പള്ളിയില്‍ കഴിഞ്ഞ നാലു വര്‍ഷമായി ജില്ലാ കളക്ടര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ്‌ ഓര്‍മ്മപെരുന്നാള്‍ ദിനത്തില്‍ ആരാധനയ്‌ക്ക്‌ അവസരം ഒരുക്കിയിരുന്നത്‌. കഴിഞ്ഞ വര്‍ഷം കളക്ടറുടെ ഉത്തരവ്‌ മറികടന്ന്‌ യാക്കോബായ പക്ഷം കബറില്‍ ധൂപപ്രാര്‍ത്ഥനയ്‌ക്ക്‌ പുറമേ കുര്‍ബാനയര്‍പ്പിച്ചത്‌ വിവാദമായിരുന്നു.

Be the first to comment on "തൃക്കുന്നത്ത്‌ സെമിനാരിയിലെ പ്രാര്‍ത്ഥനയില്‍ കോടതി നിര്‍ദേശം ലംഘിച്ച്‌ ലൈവ്‌ ടെലികാസ്റ്റെന്ന്‌ പരാതി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.