വയനാട്. പന്തല്ലൂര്‍:ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് നീക്കത്തിനെതിരെയും സഭ ജനപക്ഷത്ത് നിലയുറപ്പിക്കുമെന്ന് യാക്കോബായ സുറിയാനി സഭയുടെ വൈദിക സെമിനാരി റെസിഡന്റ് മൊത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.കുര്യാക്കോസ് മോര്‍ തേയോഫിലോസ് പറഞ്ഞു. താളൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് എരുമാട് കുരിശിങ്കലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക ദൈവശാസ്ത്രമനുസരിച്ച് മനുഷ്യനും മൃഗങ്ങളും കാടും നാടുമടങ്ങുന്ന ആവാസവ്യവസ്ഥയെ അംഗീകരിക്കുന്ന ഏത് നീക്കത്തേയും പിന്തുണയ്ക്കും. ഗുഢലക്ഷ്യങ്ങളോടെ പാരിസ്ഥികവാദമുന്നയിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണം. ഒരു കാലത്ത് മണ്ണില്‍ അധ്വാനിച്ച് കാട് നാടാക്കിമാറ്റി ജീവിതം ധന്യമാക്കിയവരെ പിന്നീട് നാട് കാടാക്കി വന്യമൃഗങ്ങളെ പാര്‍പ്പിക്കാന്‍ നാട്ടില്‍ നിന്നും തുരുത്തുന്ന ഗൂഢതന്ത്രത്തിനെതിരെ ജനപക്ഷത്തു നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മ്ലേഛതകള്‍ക്കെതിരെ പോരാടി സ്‌നാപക യോഹന്നാനെപ്പോലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികാരി റവ. ഫാ.യെല്‍ദോ അതിരംപുഴയില്‍, റവ. ഫാ.ജയിംസ് ജേക്കബ് ഇടപ്പുതുശ്ശേരില്‍, ഫാ. ജയിംസ് പന്മേലില്‍, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ട്രസ്റ്റി റോയി കള്ളാടിക്കാവില്‍, സെക്ര. ബേബിച്ചന്‍മാസ്റ്റര്‍ മേച്ചേരില്‍, ഏലിയാസ് പള്ളിപ്പാട്ട്, പൗലോസ്, ഷാജി എലപ്ര തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Be the first to comment on "ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സഭ ജനപക്ഷത്ത് ചേരും:ഡോ.കുര്യാക്കോസ് മോര്‍ തേയോഫിലോസ്"