ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും ഇരുപത്തഞ്ചു നോമ്പ്

 

ക്രിസ്ത്യാനികള്‍ പ്രധാനമായും രണ്ട് ദീര്‍ഘ വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്- ഈസ്റ്ററിനു മുമ്പുള്ള അമ്പത് നോമ്പും, ക്രിസ്മസിനു മുമ്പുള്ള ഇരുപത്തഞ്ച് നോമ്പും. കേരളത്തില്‍ ക്രൈസ്തവ ജനത ഡിസംബര്‍ ഒന്നിന് ഇരുപത്തഞ്ച് നോമ്പ് ആരംഭിക്കും. നേറ്റിവിറ്റി നോമ്പ് അല്ലെങ്കില്‍ സെന്‍റ് ഫിലിപ്സ് നോമ്പ് എന്നറിയപ്പെടുന്ന ക്രിസ്മസ് നോമ്പാചരണം യൂറോപ്യന്‍ സഭകളിലെ അഡ്‌വെന്‍റിന് സമാനമാണ്. എന്നാല്‍ ബള്‍ഗേറിയ,റഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ ഇത് നാല്‍പ്പത് നോമ്പായാണ് ആചരിക്കാറുള്ളത്.  1166 ലാണ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാര്‍ത്രിയാക്കീസ് ക്രിസ്മസ് പൂര്‍വ്വ വ്രതം 40 ദിവസമായി പ്രഖ്യാപിച്ചത്. എ.ഡി.350 മുതല്‍ തന്നെ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശുദ്ധ നേറ്റിവിറ്റി തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയിരുന്നു.  സാധാരണയായി അഞ്ച് തരത്തിലുള്ള വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്. ഏറ്റവും തീവ്രമായ വ്രതാനുഷ്ഠാനത്തില്‍ ഭക്‍ഷ്യ വസ്തുക്കള്‍ എല്ലാം ഉപേക്ഷിക്കുന്നു. അടുത്ത തീവ്രത കുറഞ്ഞ വ്രതാനുഷ്ഠാനം ഉണക്ക ആഹാരം മാത്രം കഴിച്ചുകൊണ്ടുള്ളതാണ്.  എണ്ണയില്ലാത്ത ചൂട് ആഹാരം കഴിക്കുക, സസ്യ എണ്ണ മാത്രം ഉപയോഗിച്ചുള്ള ചൂട് ആഹാരം മാത്രം കഴിക്കുക, മത്സ്യം മാത്രം കഴിക്കുക എന്നിങ്ങനെയാണ് മറ്റ് ഘട്ടങ്ങള്‍. മീന്‍ മാത്രം കഴിക്കുമ്പോള്‍ സസ്യ എണ്ണയില്‍ ചൂടാക്കിയ ആഹാരവും കഴിക്കാവുന്നതാണ്. തീവ്രത കൂട്ടുന്നതോടെ വ്രതാനുഷ്ഠാനത്തിന് ശക്തിയുണ്ടാവുമെന്നും അനുഗ്രഹം വര്‍ദ്ധിക്കുമെന്നുമാണ് വിശ്വാസം. വ്രതത്തോടൊപ്പം പ്രാര്‍ത്ഥന, തപം, ദോഷങ്ങള്‍ ഇല്ലാതാക്കല്‍, ക്ഷമിക്കല്‍, ദുഷ് പ്രവൃത്തികളില്‍ നിന്നും രതികാമനകളില്‍ നിന്നും വിട്ടുനില്‍ക്കല്‍, ഭാര്യാ ഭര്‍തൃ ബന്ധം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കല്‍, വിനോദങ്ങള്‍, ടി.വി പരിപാടികള്‍ എന്നിവയില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കല്‍ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തില്‍ ഹിന്ദുക്കള്‍ വൃശ്ചികം ഒന്നു മുതല്‍ ആചരിക്കുന്ന മണ്ഡലകാലത്തിനു സമാനമാണ് ലോകത്ത് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്‍റെ പിറവി ദിനത്തിനു മുന്നോടിയായി ആചരിക്കുന്ന ഈ വ്രതാനുഷ്ടാനം. യേശുക്രിസ്തുവിനെ വരവേല്‍ക്കാനും അതിനായി ശാരീരികവും മാനസികവുമായി ഒരുങ്ങാനുമാണ് ഈ വ്രതാചരണം. ആഹാര നിയന്ത്രണം മാത്രമല്ല ആത്മനിയന്ത്രണം കൂടി ലക്‍ഷ്യമാക്കുന്നുണ്ട്. മത്സ്യ മാംസാദികള്‍, പാല്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണ, വൈന്‍ എന്നിവ ഒഴിവാക്കണം. ഈ കാലഘട്ടത്തില്‍ വിവാഹം പാടില്ലെന്നും നിഷ്കര്‍ഷയുണ്ട്. കേരളത്തില്‍ ഇരുപത്തഞ്ച് നോമ്പ് ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും കാലമാണ്.

 

Be the first to comment on "ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും ഇരുപത്തഞ്ചു നോമ്പ്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.