ആകമാന സുറിയാനി സഭയുടെ പരമമേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി ശെമവൂന്‍ മിഖായേല്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തില്‍ ഏലിയാസ് മാര്‍ അത്താനാസ്യോസ്, മാത്യൂസ് മാര്‍ അന്തീമോസ് എന്നീ മെത്രാപ്പോലീത്തമാര്‍ ആര്‍ച്ച്ബിഷപ്പിനെ സ്വീകരിച്ചു. . തുടര്‍ന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെത്തിയ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്വീകരിച്ചു.
22 ന് കുറുപ്പംപടി കത്തീഡ്രലില്‍ നടക്കുന്ന പൗലോസ് ചീരകത്തോട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ചരമ രജതജൂബിലി ദിനാചരണത്തില്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി പങ്കെടുക്കും. 23-ന് മണര്‍ക്കാട് സെന്റ് മേരീസ് പള്ളിയിലും 24-ന് കോതമംഗലം ചെറിയ പള്ളിയിലും 25-ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് പള്ളിയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 26-ന് തിരിച്ചുപോകും.
1971-ല്‍ സിറിയയില്‍ ജനിച്ച ഇദ്ദേഹം എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. 1996-ല്‍ വൈദീകനായി. 2001-ല്‍ സന്യാസിയായി നിത്യവ്രതവാഗ്‌ദാനം നടത്തി. ഗ്രിസിലായിരുന്നു വേദശാസ്‌ത്ര പഠനം. ജര്‍മനിയിലെ സ്രൂഗിലെ യാക്കോബ് സെമിനാരിയില്‍ ഹെഡ്‌മാസ്‌റ്ററായി സേവനം അനുഷ്‌ഠിച്ചുവരവെ 2007-ല്‍ സാഖാ പ്രഥമന്‍ ബാവാ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്‌തു. ഇപ്പോള്‍ ലബനോനില്‍ സഭ നടത്തുന്ന ജീവകാരുണ്യ പ്രസ്‌ഥാനങ്ങളുടെ ചുമതലയുള്ള മെത്രാപ്പോലീത്തയാണ്. വൈദീക സെമിനാരിയില്‍ പാട്രിസ്‌റ്റിക് പ്രൊഫസറും പശ്‌ചിമേഷ്യയിലെ ഇസ്ലാം- ക്രിസ്‌ത്യന്‍ ഡയലോഗ് കമ്മിറ്റിയിലെ അംഗവുമാണ്.
Be the first to comment on "പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി കേരളത്തില്‍"