ന്യൂയോര്‍ക്കിലെ ന്യൂറോഷല്‍ സ്വദേശിയായ അജീഷ് മാത്യു, 2012 ജൂലൈ 4 ബുധനാഴ്‌ച വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയാല്‍ വൈദീകവൃത്തിയുടെ പ്രാരംഭ പടവായ ശെമ്മാശപദവിയിലേക്ക് പ്രവേശിക്കപ്പെടും.
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ ദീര്‍ഘകാലമായി അംഗമായിരുന്ന് വിവിധ നിലകളില്‍ ഇടവകയുടെ ഭരണസാരഥ്യം വഹിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുമോന്‍ ആലുവിളയില്‍ മാത്യുവിന്റേയും, ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ അസോസിയേറ്റ് ഹെഡ്‌മിസ്‌ട്രസ് മേരി മാത്യുവിന്റേയും ഏക മകനും, `ഏഴങ്കുളമച്ചന്‍’ (അടൂര്‍) എന്നറിയപ്പെട്ടിരുന്ന ദിവംഗതനായ റവ.ഫാ. കോശി മത്തായി അച്ചന്റെ (സെന്റ് ഇഗ്‌നേഷ്യസ് പള്ളം കോട്ടയം, സെന്റ് മേരീസ് നെടുമണ്‍ അടൂര്‍ എന്നീ യാക്കോബായ സുറിയാനി പള്ളികളുടെ വികാരിയായിരുന്നു) പേരക്കുട്ടിയുമാണ്. അജീഷിനു മൂത്ത രണ്ട് സഹോദരിമാരുണ്ട്. ആന്‍സിയും ആഷ്‌ലിയും. കോട്ടയം കല്ലുങ്കത്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരിയായിരുന്ന പരേതനായ വന്ദ്യ വൈദീകന്‍ കെ.പി. തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ സഹോദരപുത്രിയായിരുന്നു അജീഷ് മാത്യുവിന്റെ മുത്തശ്ശി. വൈദീകശ്രൃംഖലയില്‍ അജീഷിനു ബന്ധുക്കളായി മറ്റ് പല വൈദീകരുമുള്ളതുകൊണ്ടാവാം ആത്മീയകാര്യങ്ങളില്‍ അതീവ താത്‌പര്യവും, കൃതകൃത്യതയോടെ മാതാപിതാക്കളും, സഹോദരിമാരുമൊത്ത് പള്ളിയിലെത്തി വിശുദ്ധ ആരാധനയിലും, സണ്‍ഡേ സ്‌കൂള്‍ പഠനത്തിലും ഉത്സുകനാകുവാനും ഉത്തേജനം ലഭിച്ചതെന്ന് ഏവരും കരുതുന്നു.
വൈറ്റ് പ്ലെയിന്‍സ് യാക്കോബായ സുറിയാനി പള്ളി വി. സഭയ്‌ക്കു സമ്മാനിക്കുന്ന ജന്മം കൊണ്ട് അമേരിക്കക്കാരനെങ്കിലും മലങ്കര പാരമ്പര്യമുള്ള മൂന്നാമത്തെ യുവ ശെമ്മാശനാകും ഈ അനുഗ്രഹീതന്‍.
Be the first to comment on "വൈറ്റ്‌പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയിലെ അജീഷ് മാത്യു ശെമ്മാശ പദവിയിലേക്ക്"