മണര്‍കാട് മര്‍ത്ത മറിയം യാക്കോബായ കത്തീഡ്രലിലെ കല്‍ക്കുരിശില്‍ നിന്ന് സുഗന്ധദ്രാവകം സ്രവിക്കുന്നതായറിഞ്ഞ് ശനിയാഴ്ച രാത്രി ഭക്തജനങ്ങള്‍ പ്രവഹിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് പരിമളമുള്ള ദ്രാവകം സ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണമായ സുഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിച്ചത്. കല്‍ക്കുരിശിങ്കല്‍ എണ്ണയൊഴിക്കാനെത്തിയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടത്. വാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു വിശ്വസികള്‍ പള്ളിയില്‍ തടിച്ചുകൂടി. പിന്നീട് പള്ളി തുറന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. വികാരി ഫാ. ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുരിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് കാര്‍മികത്വം വഹിച്ചു.
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയില്‍ മണര്‍കാടുള്ള വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ അഥവാ മണര്‍കാട് പള്ളി. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാള്‍. ഈ കാലയളവില്‍ ധാരാളം ഭക്തജനങ്ങള്‍ ഇവിടെയെത്താറുണ്ട്. പള്ളിയില്‍ കാണുന്ന ശിലാലിഖിതങ്ങള്‍ പ്രകാരം 1000 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. പള്ളിയുടെ മുന്നിലുള്ള കല്‍ക്കുരിശിനും പള്ളിയുടെ അത്ര തന്നെ പഴക്കമുണ്ട്. ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് മാതൃകയില്‍ പൊളിച്ചു പണിതു.
മലങ്കര സഭയില്‍ ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണര്‍കാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ ഉള്ള ദേവാലയത്തിന്റെ പണി 1954ല്‍ പൂര്‍ത്തീകരിച്ചതാണ്. വിശുദ്ധ മറിയത്തിന്റെ അരക്കച്ച(സൂനോറോ)യുടെ അംശം1982ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവാ ഈ പള്ളിയില്‍ സ്ഥാപിച്ചു. 2004ല്‍ പാത്രിയര്‍ക്കീസ് ബാവാ ഈ പള്ളിയെ കത്തീഡ്രല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
Be the first to comment on "മണര്‍കാട് പള്ളികല്‍ക്കുരിശില്‍നിന്ന് സുഗന്ധ ദ്രാവകം, വിശ്വാസി പ്രവാഹം"