എണ്‍പത്‌ യാക്കോബായ ഇടവകകള്‍ പിടിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിലേക്ക്‌

 

കൊച്ചി: യാക്കോബായ സഭയുടെ പ്രമുഖ ഇടവക പള്ളികളില്‍ അവകാശം സ്‌ഥാപിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ കോടതിയിലേക്ക്‌. ആദ്യഘട്ടമായി എണ്‍പതു പള്ളികള്‍ക്കുവേണ്ടിയാണ്‌ സിവില്‍ നടപടി ക്രമം സെക്ഷന്‍ 92 നിയമപ്രകാരം പ്രാതിനിധ്യസ്വഭാവമുള്ള ഹര്‍ജി (റപ്രസന്റേറ്റീവ്‌ സ്യൂട്ട്‌) ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നത്‌. ഇതിന്റെ ഭാഗമായി പ്രമുഖ അഭിഭാഷകരുമായി ഓര്‍ത്തഡോക്‌സ് നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞു. വൈകാതെ ഓരോ പള്ളിക്കെതിരായ കേസുകള്‍ പള്ളി കോടതിയില്‍ ഫയല്‍ ചെയ്യും. സെക്ഷന്‍ 92 പ്രകാരം ഹര്‍ജി നല്‍കുമ്പോള്‍ ഇടവകക്കാരുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ട്‌.

 

2002ല്‍ പരുമലയില്‍ നടന്ന യോഗത്തോടെ 95 ലെ വിധി നടത്തിപ്പ്‌ പൂര്‍ത്തിയായെന്നും നടപ്പാക്കാന്‍ ഇനിയൊന്നും ശേഷിക്കുന്നുമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധിയാണ്‌ നിലനില്‍പ്പിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രേരിപ്പിക്കുന്നത്‌.

 

മലങ്കര സഭയില്‍ കേസുകളുടെ പെരുമഴക്കാലത്തിന്‌ ഇതോടെ തുടക്കമാകുമെന്നാണ്‌ ആശങ്ക. ഒരോ പള്ളിക്കും കേസ്‌ വരുന്നതോടെ സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാകും. ഓരോ പള്ളിക്കും പ്രത്യേകം കേസ്‌ സമര്‍പ്പിക്കും. നിയമത്തിന്റെ പഴുതുകള്‍ തേടിപ്പിടിച്ച്‌ ന്യായം നിരത്തിയാലും ഇടവകജനം ഒറ്റക്കെട്ടായി പൊതുയോഗം ചേര്‍ന്ന്‌ തങ്ങള്‍ 34 ലെ ഭരണഘടന സ്വീകരിക്കുന്നില്ലെന്ന്‌ തീരുമാനിച്ചാല്‍ കോടതിക്ക്‌ എന്തു ചെയ്യാന്‍ മറുചോദ്യവും ഓര്‍ത്തഡോക്‌സ് സഭയില്‍ത്തന്നെ ഉയരുന്നുണ്ട്‌.

 

സെക്ഷന്‍ 92 കേസുകള്‍ സുപ്രീം കോടതി വരെയെത്താം. പത്തു വര്‍ഷത്തിലേറെ കേസ്‌ നീളാനുമിടയുണ്ട്‌. ഇപ്രകാരം കേസ്‌ നടക്കുന്ന മുളക്കുളം വലിയ പള്ളി കഴിഞ്ഞ പത്തു വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്‌. മാത്രവുമല്ല, മലങ്കര മെത്രാനും സഹമെത്രാന്മാര്‍ക്കും മലങ്കര സഭയിലെ പള്ളികളില്‍ പ്രവേശിക്കുന്നതിന്‌ ശക്‌തവും മതിയായതുമായ പോലീസ്‌ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ മാത്യൂസ്‌ ദ്വിതീയന്‍ ബാവയും മെത്രാന്മാരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ 2003 ല്‍ തള്ളിയതുമാണ്‌.

 

സമുദായക്കേസില്‍ ഇടവകകള്‍ കക്ഷിയല്ലാത്തതിനാല്‍ അവയെ ബാധിക്കുംവിധമൊരു പ്രഖ്യാപനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധി. വിധി വ്യാഖ്യാനിച്ച കീഴ്‌ക്കോടതികള്‍ സെക്ഷന്‍ 92 പ്രകാരമല്ലാത്ത പള്ളിക്കേസുകള്‍ തള്ളുന്ന പ്രവണത ഏറിയ സാഹചര്യത്തിലാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ നീക്കം. കഴിഞ്ഞയാഴ്‌ച പുത്തന്‍കുരിശ്‌, കണ്ടനാട്‌ പള്ളികേസുകള്‍ ഇപ്രകാരം കോടതി നിരസിച്ചിരുന്നു.

Be the first to comment on "എണ്‍പത്‌ യാക്കോബായ ഇടവകകള്‍ പിടിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിലേക്ക്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.