കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സഭാ തര്‍ക്കത്തില്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് അപരിഹാര്യമായി തുടരുന്നത്.യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരുമായി കൊച്ചിയില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാകാഞ്ഞതാണ് കാരണം. ഇരുവിഭാഗവുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.തങ്ങള്‍ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍െറ ആവശ്യം. വിധി നടപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പള്ളിയില്‍ സ്റ്റാറ്റസ്കോ നില നിര്‍ത്തണമെന്നാണ് യാക്കോബായ വിഭാഗത്തിന്‍െറ ആവശ്യം. പള്ളിയുടെ ഭരണമാണ് കോടതി വിധി പ്രകാരം നടപ്പാക്കേണ്ടതെന്നും ആത്മീയ കാര്യങ്ങളില്‍ വിശ്വാസി സമൂഹത്തിന്‍െറ താല്‍പ്പ ര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അത് ഒരു കോടതിയും എതിര്‍ക്കില്ളെന്നുമാണ് യാക്കോബായ പക്ഷത്തിന്‍െറ നിലപാട്.
വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതില്‍ തങ്ങള്‍ എതിരല്ളെന്നും യാക്കോബായ വിഭാഗത്തിന്‍െറ മെത്രാപ്പോലീത്തമാര്‍ക്ക് പ്രാര്‍ഥന നിയന്ത്രിക്കാന്‍ അധികാരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ളെന്നും ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി. അതേസമയം, കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം കലക്ടര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇരു വിഭാഗത്തിന് മുന്നിലും ഒരു ഫോര്‍മുല സമര്‍പ്പിച്ചു. പൂര്‍ണമായ പരിഹാരത്തിന് കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശവും തേടിയിട്ടുണ്ട്. വലിയപള്ളി തുറന്ന് കുര്‍ബാനക്ക് അവസരം ഒരുക്കുക എന്നതാണ് താല്‍ക്കാലികമായി ചെയ്യാനുള്ളത്. ഇക്കാര്യത്തിലാണ് ഇരു വിഭാഗത്തിന് മുന്നിലും നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടര്‍ ഷെയ്ഖ് പരീത്, പൊലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരി, ആര്‍.ഡി.ഒ ആര്‍. മോനിയമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍നിന്ന് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോട്ടൂനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, യാക്കോബായ പക്ഷത്തുനിന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Be the first to comment on "കോലഞ്ചേരി പള്ളിത്തര്‍ക്കം: ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം"