ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളി; യോജിപ്പിനുള്ള സാധ്യത മങ്ങിയെന്നു ഹൈക്കോടതി

 

കണ്ടനാട്‌ ഭദ്രാസനത്തിലെ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ 44 വര്‍ഷമായി നടന്നുവന്ന കേസ്‌ ഹൈക്കോടതി തീര്‍പ്പാക്കി.

 

1934 ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി നിരസിച്ച അഡീ. ജില്ലാ കോടതി ഉത്തരവ്‌ ചോദ്യംചെയ്‌ത് ഓര്‍ത്തഡോക്‌സ് പക്ഷം സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ്‌ ഡിവിഷന്‍ ബെഞ്ച്‌ കേസ്‌ തീര്‍പ്പാക്കിയത്‌. പള്ളിയില്‍ തല്‍സ്‌ഥിതി തുടരാന്‍ അനുവദിക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാക്കാലുള്ള ആവശ്യവും കോടതി തള്ളി. പൊതു ട്രസ്‌റ്റിന്റെ പരിധിയില്‍ വരുന്ന ഇടവക പള്ളികള്‍ക്കെതിരേ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും അനുമതി തേടാതെയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമുള്ള കീഴ്‌കോടതി ഉത്തരവ്‌ ജസ്‌റ്റിസുമാരായ വി. രാംകുമാറും പി.യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ബെഞ്ച്‌ ശരിവച്ചു. സിവില്‍ നടപടി ക്രമം 90-ാം വകുപ്പ്‌ അനുസരിച്ച്‌ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ റിസീവര്‍മാരെ നിയോഗിക്കുന്നതിന്‌ വ്യവസ്‌ഥയുണ്ടെന്നും പള്ളികളുടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകവഴി കോടതികളുടെ ഈ അധികാരം ക്ഷണിച്ചുവരുത്താന്‍ ഇടവരുത്തുമെന്ന കാര്യം മറക്കരുതെന്നും ഡിവിഷന്‍ ബെഞ്ച്‌ ഓര്‍മപ്പെടുത്തി.

 

സഭാ തര്‍ക്കം നാള്‍ക്കുനാള്‍ മൂര്‍ച്‌ഛിക്കുന്നതല്ലാതെ യോജിപ്പിന്റെ സാധ്യതകള്‍ കാണുന്നില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഒരുവിഭാഗം മറുപക്ഷത്തിനു മേല്‍ ആത്മീയ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ അനന്തമായി നീളുന്ന നിയമയുദ്ധങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴക്കോടതികളുടേതടക്കം ഓരോ ഉത്തരവും ഇരുപക്ഷവും ചോദ്യം ചെയ്യുന്നത്‌ ഇതിനു തെളിവാണ്‌. മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ പക്ഷങ്ങള്‍ തമ്മിലുള്ള ചേരിതിരിവ്‌ ജനാധിപത്യ വിരുദ്ധവും ക്രൈസ്‌തവ വിരുദ്ധവുമായ പ്രവൃത്തിയാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

 

 

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം അക്രമത്തിനും സമാധാന ലംഘനത്തിനും കാരണമാവരുത്‌. അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള പ്രവൃത്തികള്‍ കോടതിയുടെ കടുത്ത ഇടപെടലുകള്‍ക്ക്‌ കാരണമാവുമെന്നും ഡിവിഷന്‍ ബെഞ്ച്‌ ഓര്‍മ്മിപ്പിച്ചു. മതേതര രാഷ്‌ട്രമെന്ന നിലയില്‍ പൗരന്മാര്‍ക്കുള്ള മതസ്വാതന്ത്ര്യം അക്രമത്തിനും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കാനുള്ള വ്യവസ്‌ഥയായി മാറരുതെന്നും ഡിവിഷന്‍ ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു. 1934 ലെ ഭരണഘടന സ്‌ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ഇടവകകളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്‌. എന്നാല്‍ ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പുരുഷന്മാര്‍ക്കു മാത്രമേ അവകാശമുള്ളൂവെന്നും പള്ളി രജിസ്‌റ്ററില്‍ കുട്ടികളുടെയും വിവാഹങ്ങളിലൂടെ ഇടവകയില്‍ അംഗത്വം നേടുന്നവരുടെയും പേരു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വ്യവസ്‌ഥയിലെന്നും കോടതി പറഞ്ഞു. അതിനാല്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന്‌ കോടതി വിലയിരുത്തി. മതസ്‌ഥാപനങ്ങളിലെ ദുര്‍ഭരണമാണ്‌ ആരാധനാ കാര്യങ്ങളില്‍ കോടതി ഇടപെടലുകള്‍ക്ക്‌ കാരണം. പള്ളികള്‍ ദൈവത്തിന്റെയാണ്‌. അളവറ്റ സമ്പത്ത്‌ കുമിഞ്ഞുകൂടുമ്പോഴാണ്‌ തര്‍ക്കമുണ്ടാകുന്നത്‌. പുത്തന്‍കുരിശ്‌ പളളി 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതുണ്ടോയെന്ന കാര്യമല്ല തങ്ങള്‍ പരിശോധിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

 

Be the first to comment on "ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളി; യോജിപ്പിനുള്ള സാധ്യത മങ്ങിയെന്നു ഹൈക്കോടതി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.