പത്തനംതിട്ട: പരുമലയില്‍ യാക്കോബായ സുറിയാനി സഭ നിര്‍മിക്കാനുദ്ദേശിക്കുന്ന ദേവാലയത്തിനെതിരേ ഓര്‍ത്തഡോക്‌സ് സഭ നടത്തുന്ന നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്നു യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് ആവശ്യപ്പെട്ടു.
യാക്കോബായ സഭ പരുമലയില്‍ വാങ്ങിയ 20 സെന്റ് പരുമല സെമിനാരിയില്‍നിന്ന് 750 മീറ്റര്‍ അകലെയാണ്. 200 മീറ്റര്‍ ദൂരവ്യത്യാസമേയുള്ളൂവെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പ്രചാരണം സത്യവിരുദ്ധമാണ്. സഭാ വിശ്വാസികളായ ഇരുപത്തഞ്ചില്‍പരം കുടുംബങ്ങള്‍ക്കുവേണ്ടിയാണു പള്ളിപണിയാന്‍ തീരുമാനിച്ചത്.
ബദല്‍പള്ളി എന്ന പ്രയോഗം ദുരുദ്ദേശപരമാണ്. നിര്‍മിക്കാനുദ്ദേശിക്കുന്ന ദേവാലയത്തിന്റെ പേരു സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി എന്നും നിലവിലുള്ള പരുമല സെമിനാരിയുടെ പേര് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി എന്നുമാണ്.
ഒരേ പേരിലാണു പള്ളി എന്നതും ശരിയല്ല. ഇപ്പോഴത്തെ പള്ളി പരുമല സെമിനാരി എന്നാണറിയപ്പെടുന്നത്.
ഓര്‍ത്തഡോക്‌സ് സഭ പെരുന്നാളും തീര്‍ഥയാത്രയും നടത്തുന്ന ദിവസങ്ങളില്‍ യാക്കോബായ സഭ പെരുന്നാളും അനുബന്ധ ചടങ്ങുകളും നടത്തില്ലെന്നു വ്യക്‌തമാക്കിയിട്ടുള്ളതാണ്.
പരുമല സെമിനാരി എന്നറിയപ്പെടുന്ന ദേവാലയത്തിന്റെ രേഖകള്‍ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ പേരിലാണു
അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിരുന്ന പരിശുദ്ധ പത്രോസ് നാലാമന്‍ ബാവയാണു പരുമല തിരുമേനിയെ വാഴിച്ചതും നിരണം ഭദ്രാസന മെത്രാപ്പോലീത്തയെ നിയമിച്ചതും. പരുമല സെമിനാരി പണിയാന്‍ യാക്കോബായ സഭയുടെ പരിശുദ്ധനായ മോര്‍ അത്തനാസിയോസ് ആയിരുന്നു നേതൃത്വം നല്‍കിയത്. ഈ അവകാശങ്ങള്‍ പറഞ്ഞു നിലവില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കൈവശമുള്ള പരുമല സെമിനാരി പള്ളിയിന്മേലോ അനുബന്ധ സ്‌ഥാപനങ്ങളിലോ യാക്കോബായ സഭ അവകാശവാദം ഉന്നയിച്ചിട്ടില്ല. യാക്കോബായ സഭ വെബ്‌സൈറ്റ് www.parumalapally.org ആരംഭിക്കുന്നതു സൈബര്‍നിയമങ്ങള്‍ പാലിച്ചാണ്.
പരിശുദ്ധനായ പരുമല തിരുമേനി എന്നറിയപ്പെടുന്ന ചാത്തുരുത്തിയില്‍ മോര്‍ ഗ്രിഗോറിയോസ് ഇരു സഭകളുടെയും പ്രഖ്യാപിതപരിശുദ്ധനാണ്. ജീവിതാന്ത്യം വരെയും അന്ത്യോഖ്യാ സിംഹാസനഭക്‌തനായിരുന്ന അദ്ദേഹത്തിന്റെ കബറിടം സ്‌ഥിതി ചെയ്യുന്നിടത്തു സംഘര്‍ഷമുണ്ടാക്കാന്‍ ആരും ആഗ്രഹിക്കില്ല. നിയമവിരുദ്ധ നീക്കങ്ങളൊന്നും സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ഗീവര്‍ഗീസ് മോര്‍ കൂറിലോസ് പറഞ്ഞു.
ഫാ. എന്‍.ജെ. ഡാനിയേല്‍, ഫാ. തോമസ് ചെറിയാന്‍, ഫാ. സ്‌കറിയ കൊച്ചില്ലം, ഡീക്കന്‍ തോമസ് കയ്യാത്തറ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Be the first to comment on "ഓര്‍ത്തഡോക്‌സ് സഭ നിഴല്‍യുദ്ധം അവസാനിപ്പിക്കണം: ഗീവര്‍ഗീസ് മോര്‍ കൂറിലോസ്"