ബാവയോടുള്ള അപേക്ഷാഗീതങ്ങളും പ്രാര്‍ത്ഥനകളുമായി കാല്‍നടതീര്‍ത്ഥാടക സംഘങ്ങള്‍ സംഗമിച്ചതോടെ ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.
പൊയ്ക്കാട്ടുശ്ശേരി, ചേലക്കര, ചാലിശ്ശേരി, അകതിയൂര്‍ എന്നീ പള്ളികളില്‍നിന്നുള്ള തീര്‍ത്ഥയാത്രകള്‍ കുന്നംകുളം താഴത്തെ പാറയിലെ സെന്റ് തോമസ് സിംഹാസന ചാപ്പലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവിടത്തെ സ്വീകരണത്തിനുശേഷം പുറപ്പെട്ട തീര്‍ത്ഥയാത്രകള്‍ വൈകീട്ട് ആറോടെ സിംഹാസനപള്ളിയിലെത്തി. അനുസ്മരണ സമ്മേളനം, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, അത്താഴ ഊട്ട് എന്നിവയുണ്ടായി.
ഞായറാഴ്ച വെളുപ്പിന് മൂന്നിന് പെങ്ങാമുക്ക്, പാറന്നൂര്‍ പള്ളികളില്‍നിന്നും 5ന് വൈശ്ശേരി മോര്‍ യൂലിയോസ് ഹാളില്‍നിന്നും തീര്‍ത്ഥയാത്രകള്‍ പുറപ്പെടും. രാവിലെ 6ന് തീര്‍ത്ഥയാത്രകള്‍ സിംഹാസന പള്ളിയില്‍ സംഗമിച്ചശേഷം നമസ്‌കാരം, 7ന് മൂന്നിന്മേല്‍ വി. കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയുമുണ്ടാകും.
മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മോര്‍ യൂലിയോസ് കുരിയാക്കോസ്, മോര്‍ അത്താനിയോസ് ഗീവര്‍ഗീസ് എന്നീ മെത്രാന്മാര്‍ പെരുന്നാളിന് കാര്‍മ്മികത്വം വഹിക്കും.
Be the first to comment on "തീര്‍ത്ഥയാത്രകള്‍ സംഗമിച്ചു ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി"