അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന പരിശുദ്ധ മോര്‍ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ എണ്‍പതാമത് ഓര്‍മ്മപ്പെരുന്നാള്‍ ആര്‍ത്താറ്റ് സെന്റ്‌മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ മാര്‍ച്ച് 17 മുതല്‍ 21 വരെ ആഘോഷിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.സ്ലീബാജോര്‍ജ് പനയ്ക്കലും സഹവികാരി ഫാ. നിജോ പി. തമ്പിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 17നും 18നും സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷയോഗവും വചനപ്രഘോഷണവുമുണ്ട്.
വെള്ളിയാഴ്ച രാവിലെ ആറിന് അങ്കമാലി പൊയ്ക്കാട്ടുശ്ശേരി മോര്‍ ബഹനാം യാക്കോബായ സുറിയാനിപ്പള്ളിയില്‍നിന്നു കാല്‍നട തീര്‍ത്ഥയാത്ര തുടങ്ങും.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് ചേലക്കര യാക്കോബായ പള്ളിയില്‍നിന്നും 9ന് ചാലിശ്ശേരി യാക്കോബായ പള്ളിയില്‍ നിന്നും കാല്‍നട തീര്‍ത്ഥയാത്ര ആരംഭിക്കും. 10.30നു സിംഹാസനപള്ളിയില്‍ സൗജന്യ അരിവിതരണം, 3.30ന് അകതിയൂര്‍ സെന്റ്‌ജോര്‍ജ് സിംഹാസനപ്പള്ളിയില്‍നിന്ന് തീര്‍ത്ഥയാത്ര ആരംഭം, 4.30ന് പൊയ്ക്കാട്ടുശ്ശേരി, ചേലക്കര, ചാലിശ്ശേരി, അകതിയൂര്‍ എന്നീ പള്ളികളില്‍നിന്നുള്ള തീര്‍ത്ഥയാത്രകള്‍ക്ക് കുന്നംകുളത്തെ താഴത്തെ പാറയിലുള്ള സെന്റ്‌തോമസ് സിംഹാസന ചാപ്പലില്‍ സ്വീകരണം, 5.30ന് സിംഹാസനപ്പള്ളിയില്‍ സ്വീകരണം എന്നിവ നടക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും അവാര്‍ഡ് വിതരണവുമാണ്. പെരുന്നാള്‍ ദിവസമായ ഞായറാഴ്ച പെങ്ങാമുക്ക്, വൈശ്ശേരി പള്ളികളില്‍നിന്ന് രാവിലെ തീര്‍ത്ഥയാത്ര പുറപ്പെട്ട് ആറുമണിക്ക് സിംഹാസനപ്പള്ളിയിലെത്തും. തുടര്‍ന്ന് പ്രഭാതനമസ്‌കാരം, മൂന്നിന്മേല്‍ കുര്‍ബാന, പ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം തുടങ്ങിയവ നടക്കും. 9.15ന് കൃത്രിമ കൈകാലുകളുടെയും ട്രൈസൈക്കിളുകളുടെയും വിതരണമുണ്ട്. ട്രസ്റ്റി താരപ്പന്‍ ജോണ്‍, ട്രഷറര്‍ കെ.ടി. മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Be the first to comment on "പരിശുദ്ധ സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം ഇന്നുമുതല്‍"