വിശ്വാസപരമായി അടുപ്പമുള്ള കത്തോലിക്കാ സഭയും പൗരസ്‌ത്യ (ഓറിയന്റല്‍) ഓര്‍ത്തഡോക്‌സ് സഭകളും കൂടുതല്‍ ഐക്യത്തിലും കൂട്ടായ്‌മയിലും എത്തണമെന്നു ബെയ്‌റൂട്ടില്‍ നടന്ന കത്തോലിക്ക-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദേശീയ ഡയലോഗ് കമ്മിഷന്റെ ഏഴാമത് സമ്മേളനം ആഹ്വാനം ചെയ്‌തു.
അര്‍മീനിയന്‍ കാതോലിക്ക പരിശുദ്ധ ആരാം പ്രഥമന്റെ ആസ്‌ഥാനത്തു നടന്ന സമ്മേളനത്തില്‍ ‘ആദ്യ നൂറ്റാണ്ടുകളിലെ സഭകളുടെ യോജിപ്പും പൊതു സുന്നഹദോസുകളു’മായിരുന്നു മുഖ്യവിഷയം.
സഭകളെ ചേര്‍ത്തുനിര്‍ത്തുന്ന അപ്പസ്‌തോലികവും വൈജ്‌ഞാനികവും പാരമ്പര്യവുമായ കാര്യങ്ങള്‍, സഭകളെ അകറ്റിനിര്‍ത്തുന്ന വ്യത്യസ്‌ത ഘടകങ്ങളെക്കാള്‍ അധികമാണെന്നതു സഭകളുടെ ഐക്യത്തിനു പ്രചോദനവും മാതൃകയുമാണെ ന്നു കമ്മിഷന്‍ വിലയിരുത്തി.
പ്രാദേശിക, സാംസ്‌കാരിക, രാഷ്‌ട്രീയ വ്യത്യസ്‌തതകള്‍ക്കിടയിലും കുര്‍ബാന ബന്ധത്തിലും കൗദാശിക സഹകരണത്തിലുമുള്ള യോജിപ്പിനു തടസമില്ല.
സഭാ വിജ്‌ഞാനിയം സംബന്ധിച്ച് പരസ്‌പരധാരണയിലെത്തിയ കമ്മിഷന്റെ സംയുക്‌തരേഖ സഭാ തലവന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
കത്തോലിക്കാ സഭയ്‌ക്കുപുറമേ സിറിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്‌റ്റിക് ഓര്‍ത്തഡോക്‌സ്, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ നിന്നുള്ള പ്രതിനിധികളാണ് കമ്മിഷനിലുള്ളത്.
ഇന്ത്യയില്‍ നിന്നും കത്തോലിക്കാ സഭയെ പ്രതിനിധികരിച്ച് റവ. ഡോ. മാത്യു വെള്ളാനിക്കല്‍, ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റവ. ഡോ. ജോണ്‍ മാത്യൂസ് എന്നിവരും യാക്കോബായ സഭയെ പ്രതിനിധികരിച്ച് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസും പങ്കെടുത്തു.
കമ്മിഷന്റെ അടുത്ത സമ്മേളനം ജനുവരിയില്‍ വത്തിക്കാനില്‍ നടക്കും. സമ്മേളനത്തിന്റെ ആദ്യദിവസം കമ്മിഷന്‍ അംഗങ്ങള്‍ പരിശുദ്ധ ആരാം പ്രഥമന്റെ നേതൃത്വത്തില്‍ ലബനോന്‍ പ്രസിഡന്റ് സുലൈമാന്‍ മിഖായേലിനെ സന്ദര്‍ശിച്ചു.
Be the first to comment on "കത്തോലിക്ക-പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍ ഐക്യത്തിലെത്തണം: കമ്മിഷന്‍"