ഇന്ന് കേരളത്തിലെത്തുന്ന അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്ക ആരാം ഒന്നാമനുമായി യാക്കോബായ സഭാ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തും.
എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ മുളന്തുരുത്തി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്താ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ്, നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നിവരുള്‍പ്പെട്ട സംഘമാണ് നാളെ രാവിലെ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ കാതോലിക്കായെ കാണുന്നത്.
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്നു ദമാസ്‌കസില്‍ കഴിഞ്ഞവര്‍ഷം നടന്ന ഓറിയന്റല്‍ സഭകളുടെ സമ്മേളന നിര്‍ദേശമനുസരിച്ചാണു കൂടിക്കാഴ്‌ച. മലങ്കരസഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി മധ്യസ്‌ഥംവഹിക്കാന്‍ തയ്യാറാണെന്നും ദമാസ്‌കസില്‍ ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുമായുള്ള കൂടിക്കാഴ്‌ചയില്‍ ആരാം ഒന്നാമന്‍ അറിയിച്ചത്. സന്ദര്‍ശനവേളയില്‍ മലങ്കരസഭാ തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് പരി. പാത്രിയര്‍ക്കീസ് ബാവായും ആവശ്യപ്പെട്ടിട്ടുണ്ട്.
തര്‍ക്കം പരിഹരിക്കുന്നതിന് കാതോലിക്ക മധ്യസ്‌ഥത വഹിക്കണമെന്ന് യാക്കോബായ പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കും. സഭാ ചരിത്രം, തര്‍ക്കത്തിന്റെ കാരണങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന രേഖ അര്‍മീനിയന്‍ കാതോലിക്കയ്‌ക്ക് കൈമാറും.
നൂറ്റാണ്ടു പഴക്കമുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുസഭകളും തമ്മില്‍ ഒന്നിക്കുന്നതു അസാധ്യമായിട്ടുണ്ടെന്നും സമാധാനമായി യോജിച്ചു പിരിയണമെന്ന നിലപാടാണു യാക്കോബായ സഭയുടേതെന്നും അറിയിക്കും.
കാതോലിക്ക കക്ഷിയുടെ മാര്‍ത്തോമ്മാ സിംഹാസന വാദം, ദേശീയവാദം, ഇടവക പള്ളിയുടെ അവകാശം, 1934 ലെ ഭരണഘടന എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ കാതോലിക്കോസിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
യാക്കോബായ പ്രതിനിധികളെ കണ്ടശേഷം പത്തുമണിക്ക് ആരാം പ്രഥമന്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. സഭകള്‍ സ്‌പര്‍ദ്ധ വെടിഞ്ഞ് യോജിപ്പിലെത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്നു അര്‍മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ വിഭാഗം മേധാവി ബിഷപ്പ് നരേഗ് അല്‍മേസിയന്‍ പുറപ്പെടുംമുമ്പ് പരി. പാത്രിയര്‍ക്കീസ് ബാവായെ കണ്ട് അറിയിച്ചിരുന്നു.
Be the first to comment on "മലങ്കര സഭാ തര്‍ക്ക പരിഹാരം: യാക്കോബായസഭാ പ്രതിനിധികള്‍ കോട്ടയത്ത് അര്‍മീനിയന്‍ കാതോലിക്കായെ കാണും"