പതിനൊന്നു ദിവസം നീണ്ട തർക്കത്തിനൊടുവിൽ യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടർന്ന് ആലപ്പുഴ കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യു (95)ന്റെ സംസ്കാര ശുശ്രൂഷയാണ് ചൊവ്വാഴ്ച രാവിലെ 7.30ന് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ നടന്നത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വരുന്ന പോലീസ് സംഘത്തെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു. ജില്ലാ കളക്ടർ എസ്. സുഹാസും കട്ടച്ചിറയിൽ എത്തിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഇരുവിഭാഗവുമായി അവസാനവട്ട ചർച്ച നടത്തിയിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്കരിക്കാൻ കഴിയാതെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഏറെ വിവാദമാകുകയും സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾ വിഷയത്തിൽ ഇടപെടുകയും ചെയിതിരുന്നു. കൂടാതെ മുഖ്യമന്ത്രിയും വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ജില്ലാ ഭരണകൂടം ചൊവ്വാഴ്ച രാവിലെ തന്നെ സംസ്കാരം നടത്തണമെന്ന് അന്ത്യശാസന നൽകിയത്.
സുപ്രീം കോടതി വിധിയുള്ളതിനാൽ യാക്കോബായ വിഭാഗം വൈദികരെ പളളിയിൽ പ്രവേശിപ്പിക്കാതെ ഓർത്തഡോക്സ് വിഭാഗം വൈദികരുടെ ശുശ്രൂഷയിൽ സംസ്കാരം നടത്തണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കിയത്. എന്നാൽ മരിച്ച വർഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികനും കൊല്ലം ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോർജി ജോണിനെ പള്ളിയിൽ പ്രവേശിപ്പിച്ച് അന്ത്യ കർമങ്ങൾ ചെയ്യാൻ അവസരം നൽകണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതൽ ആവശ്യപ്പെട്ടത്. എന്നാൽ വൈദിക വേഷം ഒഴിവാക്കി ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിക്കുന്നതിന് തടസമില്ലായെന്ന് ഓർത്തഡോക്സ് വിഭാഗവും നിലപാടെടുത്തു.
സുപ്രീം കോടതി വിധി നടപ്പിലാകാത്തതു മൂലം തൽസ്ഥിതി നിലനിൽക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നിലപാടെടുത്തത്. വൈദിക വേഷത്തിൽ തന്നെ ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിച്ച് അന്ത്യ ശുശ്രൂഷ നടത്താൻ അനുമതി നൽകുകയായിരുന്നു. കൂടാതെ കുരിശടിയിൽ യാക്കോബായ വിഭാഗത്തിലെ അഞ്ചു വൈദികർക്കും അവസരം നൽകി. സ്ഥലത്ത് ഓർത്തഡോക്സ് പക്ഷത്തിന്റെ എതിർപ്പുകളൊന്നും ഉണ്ടായില്ല. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്.