കായംകുളം: കട്ടച്ചിറയിൽ യാക്കോബായ വിഭാഗം നടത്തുന്ന റോഡ് ഉപരോധം നാല് മണിക്കൂർ പിന്നിട്ടു. സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു യാക്കോബായക്കാർ റോഡ് ഉപരോധിച്ചത്. മൃതദേഹവുമായാണ് യാക്കോബായ വിഭാഗം റോഡ് ഉപരോധിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലായിരുന്നു തർക്കം.
ജില്ലാ കളക്ടർ സ്ഥലത്തെത്തണമെന്നാണ് യാക്കോബായക്കാരുടെ ആവശ്യം. അതേസമയം കളക്ടർ സ്ഥലത്തെത്താൻ സാധ്യതയില്ലെന്നാണ് എഡിഎം നൽകുന്ന വിവരം. പള്ളിയും പരിസരവും പോലീസ് സുരക്ഷാ വലയത്തിലാണ്.
വൈദികർക്കൊപ്പം മൃതശരീരവുമായി എത്തിയ യാക്കോബായ വിഭാഗത്തെ ഇന്ന് രാവിലെ 11ന് പോലീസ് തടഞ്ഞു. ഇതേതുടർന്നു യാക്കോബായ വിഭാഗം റോഡ് ഉപരോധിക്കുകയായിരുന്നു. കായംകുളം-പുനലൂർ കെപി റോഡാണ് ഉപരോധിക്കുന്നത്.
വൈദികരല്ലാത്ത അടുത്ത ബന്ധുകൾക്ക് പള്ളിയിൽ കയറാമെന്ന് എഡിഎം അറിയിച്ചെങ്കിലും യാക്കോബായ വിഭാഗം ഇതിന് തയാറായില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ വൈദികരെ പള്ളിയിൽ കയറ്റി മൃതശരീരം സംസ്കരിക്കാൻ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം.
കഴിഞ്ഞ ശനിയാഴ്ച നിര്യാതനായ യാക്കോബായ വിഭാഗത്തിൽപെട്ട കട്ടച്ചിറപള്ളിക്കലേത്ത് വർഗീസ് മാത്യു(92)വിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് തർക്കം. സംഭവത്തെ തുടർന്നു ജില്ലാ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞാ പ്രഖ്യാപിച്ചിരുന്നു.
Be the first to comment on "കട്ടച്ചിറയിൽ യാക്കോബായ വിഭാഗം നടത്തുന്ന റോഡ് ഉപരോധം നാല് മണിക്കൂർ പിന്നിട്ടു."